ചങ്ങരംകുളം: ചുട്ടുപൊള്ളുന്ന ചൂടിൽ റംസാൻ മാസം തുടങ്ങിയതോടെ ജില്ലയിൽ ഫ്രൂട്ട്സ് വിപണിയും ഉണർന്നു. കഴിഞ്ഞ സീസണിൽ കനത്ത മഴയിൽ മുങ്ങിപ്പോയ റംസാൻ വിപണിയാണ് ഇത്തവണ കച്ചവടക്കാർ തിരിച്ച് പിടിക്കാൻ ഒരുങ്ങുന്നത്. സീസണ് തുടങ്ങിയതോടെ പാതയോരങ്ങൾ കേന്ദ്രീകരിച്ചും ഫ്രൂട്ട്സ് കച്ചവടങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്.
മാന്പഴങ്ങൾ തന്നെയാണ് ഇത്തവണയും വിപണിയിൽ പ്രധാന ഐറ്റം. 30 രൂപ മുതൽ 120 രൂപ വരെ വില വരുന്ന നിരവധി ഐറ്റം മാന്പഴങ്ങാണ് വിപണനത്തിനായി എത്തിയിരിക്കുന്നത്. വിവിധ തരം ഈത്തപ്പഴങ്ങളും വിപണിയിൽ വിപണിയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഫ്രൂട്ട്സ് വിലയിലും ഇത്തവണ വലിയ മാറ്റം ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ ആഴ്ചയിൽ 20 രൂപ വരെയെത്തിയ നേന്ത്രപ്പഴവും ചെറുപഴവും വില 40 മുതൽ 50 വരെ ആയത് രണ്ട് ദിവസം കൊണ്ടാണ്.വിഐപി ഇനങ്ങളായ പിയർ, മധുരപ്പുളികൾ, കിവി, സ്റ്റോബറി, ബട്ടർ, വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ആപ്പിളുകൾ ഇവ നോന്പ് തുറകളിൽ എല്ലാ ഐറ്റങ്ങളും സജീവമാണ്. ബർത്തുക്കാൽ, വിവിധ തരം ഷമാമുകളും, തണ്ണിമത്തനുകൾ എന്നിവയും വിപണിയിലെ താരങ്ങളാണ്.
മുന്തിരിയും ഓറഞ്ചും വരെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്താൻ തുടങ്ങിയതോടെ ഫ്രൂട്ട്സ് വിപണിയിലും മത്സരങ്ങൾ മുറുകിയിട്ടുണ്ട്.വിവിധ സംഘടനകളും, ക്ളബ്ബുകളും, മസ്ജിദുകളും കേന്ദ്രീകരിച്ച് നടക്കുന്ന നോന്പ് തുറകൾ സജീവമാകുന്നതോടെ ഫ്രുട്ട്സ് വിപണി കൂടുതൽ ഉണരുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.