കണ്ണൂർ: കള്ളവോട്ടു പരാതിയിൽ മയ്യിൽ പാന്പുരുത്തിയിലെ 11 മുസ്ലിംലീഗ് പ്രവർത്തകർ തെളിവെടുപ്പിനായി ഇന്നു രാവിലെ കണ്ണൂർ ജില്ലാ കളക്ടർക്ക് മുന്പാകെ ഹാജരായി. തെളിവെടുപ്പിന് ഹാജരാകാൻ വരണാധികാരി കൂടിയായ കളക്ടർ 13 പേർക്കാണു കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, രണ്ടുപേർ ഇന്നു ഹാജരായില്ല.
രാവിലെ 10.15ഓടെയാണ് 11 പേരും ഒന്നിച്ചു ഹാജരായത്. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ തളിപ്പറന്പ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പാന്പുരുത്തി ഗവ. എൽപി സ്കൂളിലെ 166ാം നന്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രവർത്തകരാണ് തെളിവെടുപ്പിന് ഹാജരായത്.
ദൃശ്യങ്ങൾ സഹിതം സിപിഎം കളക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഇതേസമയം സിപിഎമ്മിന്റെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ യുഡിഎഫ് ഇന്നു കളക്ടർക്കു കൈമാറി.
കൊളച്ചേരി നണിയൂർ നന്പ്രം എൽപി സ്കൂളിലെ രണ്ടു വോട്ട്, കൊളച്ചേരി ഇ.പി. കൃഷ്ണനന്പ്യാർ സ്മാരക എഎൽപി സ്കൂളിൽ പ്രവാസികളുടെ 11 വോട്ട് എന്നിവ കള്ളവോട്ടാണെന്ന് ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്.