ചാരുംമൂട്: യാത്രക്കാരെ കയറ്റാൻ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടോടെ കൊല്ലം തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുക്കിന് സമീപമായിരുന്നു അപകടം.
ചാരുംമൂട് കല്ലുമല റൂട്ടിൽ സർവീസ് നടത്തുന്ന ബാലഗോപാൽ ബസിന് പിന്നിൽ ഭരണിക്കാവ് ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അമൃത ബസാണ് ഇടിച്ചത്. യാത്രക്കാരുടെ പരിക്ക് നിസാരമാണ്. കഐസ്ആർടിസി വേണാട് ബസുമായി മത്സരിച്ചോടുന്നതിനിടയിൽ ഒരു ബസ് വേഗതയിലെത്തി മറ്റൊരു ബസിന് പിന്നിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു.