റിപബ്ലിക് ടിവിയിലുള്ള ഓഹരികള്‍ കുറച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്ടെയ്ന്മെന്റ്. നല്ലൊരു ശതമാനം ഓഹരികളും റിപബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്റ്ററും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്ക് തന്നെയാണ് ഏഷ്യാനെറ്റ് വിറ്റിരിക്കുന്നത്. എത്ര രൂപയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.
ഓഹരിവില്‍പ്പനയുടെ കാര്യം ഏഷ്യാനെറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടുകൂടി റിപബ്ലിക്കില്‍ ഏഷ്യാനെറ്റിന് ചെറിയൊരു ശതമാനം ഓഹരി മാത്രമേ ഉണ്ടാകൂ. ഇതോടു കൂടി റപബ്ലിക് ചാനല്‍ പൂര്‍ണമായും എഡിറ്റര്‍ നിയന്ത്രിത സ്ഥാപനമായി മാറുകയാണെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ക്കെല്ലാം മികച്ച നേട്ടമുണ്ടായതായാണ് വിവരം.
പ്രവര്‍ത്തനം തുടങ്ങി ഈ മേയ് മാസത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മാധ്യമരംഗത്തെ ഉടച്ചുവാര്ച്ച ചാനലിന്റെ ഉടമസ്ഥാവകാശത്തില്‍ സുപ്രധാനമായ മാറ്റമുണ്ടായിരിക്കുന്നത്. പുതിയ ഇടപാടോടെ റിപബ്ലിക് ടിവിയുടെ മൂല്യം 1,200 കോടി രൂപയായി ഉയര്‍ന്നു.
ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച ശേഷമാണ് അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് റിപബ്ലിക് ടിവിക്ക് തുടക്കമിട്ടത്. എആര്ജിഔട്ട്ലയര് ഏഷ്യാനെറ്റ് ന്യൂസ് ലിമിറ്റഡിനും ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എന്റര്ടെയ്ന്മെന്റിനുമായിരുന്നു റിപബ്ലിക് ടിവിയുടെ ഉടമസ്ഥാവകാശം. പുതിയ മാറ്റത്തോടെ റിപബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുക.