കായംകുളം: സോഷ്യൽ നെറ്റ്വർക്കിംഗ് ആപ്പായ ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന സംഭവത്തിൽ റിമാൻഡിലായ നാല് പ്രതികളെ പോലീസിന്റെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽമുക്ക് സ്വദേശി കിരണ് (35), കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന സീതി (39), കൊല്ലം പെരിനാട് കേരളപുരം സ്വദേശി ഉമേഷ് (28), തിരുവല്ല പായിപ്പാട് സ്വദേശി ബ്ലെസറിൻ എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഷെയർചാറ്റ് വഴി കൂടുതൽ പേരെ സംഘം കെണിയിൽ വീഴ്ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേരിൽ നിന്നും ലഭിച്ച നിർണായക മൊഴികളും പോലീസ് പരിശോധിക്കും. കൂടാതെ പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്നും സിഐ പി.കെ സാബു പറഞ്ഞു. ഭർത്താവിന്റെ ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
2018 മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നുവന്നത്. റിമാൻഡിലായ വരിൽ ഒരാൾ ഷെയർ ചാറ്റുവഴി പരിചയപ്പെട്ടയാളെ ഒരു സ്ഥലത്തെത്തിക്കുകയും ഭാര്യയെ കാഴ്ചവെക്കുകയും ചെയ്തു. തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളിന്റെ വീട്ടിൽ വച്ച് ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപെടുകയും ചെയ്തതായാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
വീടുകളിലും ലോഡ്ജ് മുറികളിലും കൂടാതെ കാറുകളിൽ എത്തി വിജനമായ സ്ഥലങ്ങളിൽ വച്ചുമാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരാൾ ഭാര്യയെ ഭീഷണിപ്പെടുത്തിയപ്പോൾ ഇവർ എതിർക്കുകയും ഭീഷണി തുടർന്നപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.