പത്താം ക്ലാസില്‍ മാര്‍ക്ക് നേടാനാകാത്തതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്! മാര്‍ക്ക് കുറഞ്ഞുപോയവരോട് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദിന് പങ്കുവയ്ക്കാനുളള അനുഭവം

എസ്എസ്എല്‍സി , പ്ലസ്ടു, ഡിഗ്രി പരീക്ഷകളുടെയെല്ലാം ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നാലാള്‍ കൂടുന്നിടത്തെല്ലാം ഇത് തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ സമയമൊക്കെയും വിജയിച്ചവരെ സംബന്ധിച്ച് സന്തോഷം തരുന്ന അവസരങ്ങളാണെങ്കിലും തോറ്റു പോയവരെയും മാര്‍ക്ക് കുറഞ്ഞുപോയവരെയും സംബന്ധിച്ച് അതത്ര സന്തോഷം പകരുന്ന സമയമല്ല.

വിജയികളെ അഭിനന്ദിക്കുകയും തോല്‍വി ഏറ്റുവാങ്ങിയവരെ സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കിടയില്‍, തോല്‍വികളില്‍ തളരാതെയുള്ള പോരാട്ടം അഭിമാനനേട്ടത്തിലെത്തിച്ച കഥ പറയുകയാണ് കരുവാരക്കുണ്ട് സ്വദേശിയായ പി. മുഹമ്മദ് സജാദ്. പത്താം ക്ലാസില്‍ വന്‍ മാര്‍ക്ക് നേടാതിരുന്നിട്ടും സിവില്‍ സര്‍വീസില്‍ 390-ാം റാങ്ക് കിട്ടിയതിനെക്കുറിച്ചാണ് മുഹമ്മദ് സജാദെന്ന മലപ്പുറംകാരന്‍ വിശദീകരിക്കുന്നത്. മാര്‍ക്ക് കുറവായതിനാല്‍ കിട്ടാതെപോയ സയന്‍സ് ഗ്രൂപ്പല്ല, ഹ്യുമാനിറ്റീസ് ആണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് സജാദ് പറയുന്നു

മുഹമ്മദ് സാജാദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

74 ശതമാനമായിരുന്നു പത്തിലെ മാര്‍ക്ക് . അത്ര മോശം മാര്‍ക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സില്‍ ഏറെ പിന്നിലായിരുന്നു. ആ മാര്‍ക്ക് വെച്ച് മെറിറ്റില്‍ എവിടെയും സയന്‍സ് കിട്ടില്ലായിരുന്നു. സയന്‍സ് കിട്ടാതെ ,5 വര്‍ഷം സ്വന്തം വീടു പോലെ കണ്ട മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോള്‍ ആദ്യമായി വീട്ടില്‍ നിന്ന് നവോദയയില്‍ പോയതിനേക്കാള്‍ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റില്‍ കിട്ടാത്ത സയന്‍സിനു പകരം ഹ്യുമാനിറ്റീസ് എടുത്തതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവില്‍ സര്‍വ്വീസ് വിജയത്തിനടക്കം പ്രചോദനമായത്.

എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്നുള്ള പലരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുള്‍ A+ ഉം സയന്‍സും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല. ‘പിക്ചരര്‍ അഭീ ബീ ബാക്കീ ഹൈ’.

ഫുള് എ പ്‌ളസ്‌കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations)

N:B: +1 ന് ഏത് സ്ട്രീം എടുക്കുന്നു എന്നുള്ളത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒരു ഘടകം അല്ല

Related posts