പാലക്കാട്: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിന് പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നന്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ അറിയിച്ചു.
പരാതി എഴുതി നൽകി ആരെന്ന് വെളിപ്പെടുത്താതെ തന്നെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സേവനങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്. വിവരം അറിയിക്കുന്ന ആളെ സംബന്ധ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഈയിടെ കൂടിവരുന്ന സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, കുടുംബശ്രീ പ്രവർത്തകർ, ഹൗസിങ് കോളനി പ്രവർത്തകർ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവർത്തനം.
കാണാതാവുകയോ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ലൈംഗിക, ശാരീരിക, മാനസിക പീഡനത്തിന് ഇരയാകുന്ന കുട്ടികൾ, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികൾ, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾ, സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന കുട്ടികൾ എന്നിവരെ കണ്ടെത്തി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടർനടപടികൾ സ്വീകരിക്കുന്നുമുണ്ട്.
സാന്പത്തിക ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ കഴിയാത്ത കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നുണ്ട്. ജില്ലാതലത്തിൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വവും നൽകുന്നുണ്ട്. ഏതെങ്കിലും കാരണങ്ങൾ കൊണ്ട് കുട്ടികളെ വളർത്താൻ സാധിക്കാത്ത കുടുംബങ്ങളിലെ കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്ന ഫോസ്റ്റർ കെയർ പദ്ധതി ജില്ലാതലത്തിൽ നടപ്പിലാക്കി വരികയും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഗവണ്മെന്റ്, ഗവണ്മെന്റിതര സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തലും മേൽനോട്ടവും യൂണിറ്റ്് നടത്തുന്നുണ്ട്.