നെല്ലിയാന്പതി: ഉരുൾപൊട്ടി തകർന്ന ചുരം പാതയിൽ സംരക്ഷണ ഭിത്തി നിർമ്മാണം സജീവമായി. നെല്ലിയാന്പതി ചുരം പാതയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പോത്തുണ്ടി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്.
2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നുപോയ 12 ഭാഗങ്ങളിലാണ് ആദ്യഘട്ടമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 2.78 കോടി രൂപ ചിലവിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കൂടുതൽ തകർന്ന മൂന്നിടങ്ങളിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഇത് മഴ തുടങ്ങുന്നതിനു മുന്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
രണ്ടാം ഘട്ടമായി നാലിടത്തുകൂടി സംരക്ഷണ ഭിത്തി നിർമ്മിക്കാനുണ്ട്. ഇതിനായി പദ്ധതി തയ്യാറാക്കി സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സംരക്ഷണ ഭിത്തി നിർമ്മാണത്തോടൊപ്പം പാതയുടെ വശങ്ങളിലും വെള്ളച്ചാൽ നിർമ്മാണവും നടക്കുന്നുണ്ട്. എന്നാൽ മുകളിൽ നിന്ന് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തികൾക്ക് ഇനിയും നടപടിയുണ്ടായിട്ടില്ല.