കേരളത്തെ തച്ചുതകര്‍ത്ത പ്രളയകാലത്തും മലയാളിയുടെ മദ്യപാനശീലത്തിന് ഒരു കുറവുമുണ്ടായില്ലെന്നു തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം 14508 കോടിയുടെ മദ്യമാണ് പ്രബുദ്ധരായ കേരളജനത കുടിച്ചു തീര്‍ത്തത്. പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തില്‍ മാത്രം മലയാളികളുടെ വയറ്റിലേക്ക് പോയത് 1264 കോടി രൂപയുടെ മദ്യമാണ്.
സംസ്ഥാന ബിറവേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 306 മദ്യാവില്‍പനശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന നടന്നത്. ഇതിലൂടെ 12424 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതിന് മുന്‍പ് 11024 കോടിയാണ് ഈയിനത്തില്‍ ലഭിച്ചത്. എന്നാല്‍ ബിവറേജസിന്റെ കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് മദ്യവിവല്‍പ്പന കുതിക്കാന്‍ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവല്‍ക്കരണം എക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കി ഉദാരമായ മദ്യനയമാണ് മറുവശത്ത് എല്‍ഡിഎഫ് പുലര്‍ത്തി പോന്നത്. 1200 കോടിയുടെ മദ്യമാണ് കേരളത്തില്‍ ഒരു മാസം വില്‍ക്കുന്നത്. പ്രളയം ഏറെ നാശം വിതച്ച ഓഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് പോയവര്‍ഷം ഏറ്റവുമധികം വില്‍പ്പന നടന്നത്. 1264 കോടി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഓരോ വര്‍ഷവും വില്‍ക്കുന്ന മദ്യത്തിന്റെ അളവിലും കാര്യമായ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 216.34 ലക്ഷം കെയ്സ് മദ്യമാണ് കേരളത്തില്‍ വിറ്റത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാല്‍ 8 ലക്ഷം കേയ്സുകളുടെ വര്‍ദ്ധന.
വിദ്യാഭ്യാസ സാക്ഷരത, സ്ത്രീകളുടെ തൊഴില്‍ പ്രവേശം, ആരോഗ്യം, ശുചിത്വം, കുറഞ്ഞ ശിശുമരണം തുടങ്ങിയ പല കാര്യങ്ങളിലും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം മദ്യപാനത്തിന്റെ പേരില്‍ ഒരു പ്രതിമാതൃകയായി തീര്‍ന്നിരിക്കുന്നു. കേരളത്തിലെ വാര്‍ഷിക ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മലയാളിയുടെ ആളോഹരി മദ്യപാനം 11 ലിറ്ററാണ്.
മദ്യപിക്കാത്തവരായ മഹാഭൂരിപക്ഷത്തിന്റെ കണക്കില്‍ മദ്യപിച്ചു കൂട്ടുന്നവരാണ് മലയാളികള്‍ എന്നര്‍ത്ഥം. ഇന്ത്യയിലെ സ്വദേശീ നിര്‍മ്മിത വിദേശ മദ്യത്തിന്റെ പതിനാലു ശതമാനം കുടിച്ചു വറ്റിക്കുന്നത് മലയാള ദേശമാണ്. ഒരൊറ്റ വര്‍ഷം കേരളത്തിലുള്ളവര്‍ മോന്തിക്കുടിച്ചത് മുപ്പത് കോടിയിലധികം ലിറ്റര്‍ മദ്യമാണ്. കേരളത്തിനപ്പുറമുള്ള മലയാളികളുടെ മദ്യപാനം ഈ കണക്കില്‍പ്പെടുന്നില്ല. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ സ്വന്തം പൗരന്മാരെ കുടിപ്പിച്ച് പാപ്പരാക്കുന്നു. ഓരോ വര്‍ഷവും കേരളം കുടിക്കുന്ന മദ്യത്തിന്റെ അളവ് പതിനഞ്ച് ശതമാനത്തോളം കൂടുന്നു.
സംസ്ഥാനത്തിന്റെ ആളോഹരി കടം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ മദ്യപാനവും മദ്യത്തില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിക്കുകയാണ്. മദ്യപാനവുമായി ബന്ധപ്പെട്ടുള്ള വാഹന അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കുടുംബസംഘര്‍ഷങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍ എന്നിവയും അനുനിമിഷം കൂടികൊണ്ടിരിക്കുന്നത് കാണാനാവും. സാമൂഹിക ജീവിതത്തിലെ പലവിധ ശിഥിലീകരണങ്ങളും കേരളീയ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. എന്തൊക്കെയായാലും സര്‍ക്കാരിനിത് പൊന്മുട്ടയിടുന്ന താറാവാണ്. അതിനാല്‍ തന്നെ മദ്യപാനികളെ അത്ര കണ്ട് ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.