ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴമതിക്കാരനാണെന്നായിരുന്നു മോദിയുടെ പരാമർശം.
ബൊഫോഴ്സ് കേസിൽ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. ജാർഖണ്ഡിലെ ചായ്ബാസയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി പരാമർശം കടുപ്പിച്ചത്.
നേരത്തേ, ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി രാജീവ് ഗാന്ധിക്കെതിരേ ആദ്യമായി വിവാദ പരാമർശം നടത്തിയത്. ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവിന്റെ ജീവിതം അവസാനിച്ചത് എന്നായിരുന്നു മോദിയുടെ വാക്കുകൾ.
ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പരാതിയെത്തിയത്. എന്നാൽ ഈ പരാതിയും കമ്മീഷൻ തള്ളി. തുടർച്ചയായ പത്താം തവണയാണ് മോദിക്ക് തെര.കമ്മീഷൻ ക്ലീൻചിറ്റ് നൽകിയത്.