ഭോപ്പാൽ: കാർഷിക കടം എഴുതിത്തള്ളിയതിന്റെ തെളിവ് ആവശ്യപ്പെട്ട മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു മറുപടിയുമായി കോണ്‍ഗ്രസ്. ഡിസംബറിൽ അധികാരത്തിലേറിയശേഷം കമൽനാഥ് സർക്കാർ 21 ലക്ഷം കർഷകരുടെ കടം എഴുതിത്തള്ളിയതിന്റെ രേഖകളുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചൗരി ചൗഹാന്റെ വീട്ടിലെത്തി.
എന്നിരുന്നാലും കോണ്‍ഗ്രസിന്റെ അവകാശവാദങ്ങൾ ചൗഹാൻ നിഷേധിച്ചു. കള്ളക്കഥകളാണ് കോണ്‍ഗ്രസ് നൽകിയതെന്ന് ചൗഹാൻ ആരോപിച്ചു.സംസ്ഥാന മന്ത്രി പി.സി. ശർമ, മറ്റു കോണ്‍ഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പമാണ് പച്ചൗരി ചൗഹാന്റെ വീട്ടിലത്തിയത്.
ചൗഹാനു നൽകുന്നതിനായി രണ്ടു വാഹനങ്ങളിലായി നിറയെ രേഖകളും പച്ചൗരി കൊണ്ടുവന്നു. ഇതിനുശേഷം രേഖകൾ തലയിൽ ചുമന്ന് ചൗഹാന്റെ ഒൗദ്യോഗിക വസതിയിലേക്കു കൊണ്ടുപോയി. ഈ രേഖകൾ ചൗഹാന്റെ വീട്ടിൽ ഇട്ടു.
കോണ്‍ഗ്രസ് നേതാക്കൾ മടങ്ങിയ ശേഷമാണ് ചൗഹാൻ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങൾ തള്ളിയത്. 48,000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനമെങ്കിലും വെറും 13,000 കോടിയുടെ കടം മാത്രമാണ് ഇതുവരെ എഴുതിത്തള്ളിയതെന്ന് ചൗഹാൻ ആരോപിച്ചു.