ന്യൂഡൽഹി: രണ്ടു ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് പരിഗണിക്കാനുള്ള കൊളീജിയം ശിപാർശയിൽ എതിർപ്പുമായി കേന്ദ്ര സർക്കാർ. ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ കാര്യത്തിലാണ് കേന്ദ്രത്തിന് എതിർപ്പ്. ഇവരുടെ ശിപാർശ പുനപരിശോധിക്കാൻ ആവശ്യപ്പെട്ടു കേന്ദ്രം ശിപാർശ തിരിച്ചയച്ചു.
സീനിയോരിറ്റി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ശിപാർശ മടക്കിയതെന്നാണു സൂചന. ഏപ്രിൽ 12-നാണ് കൊളീജിയം കേന്ദ്രത്തിനു ശിപാർശ നൽകിയത്. സർക്കാരിന്റെ എതിർപ്പ് ചർച്ച ചെയ്യുന്നതിനായി കൊളീജിയം വീണ്ടും യോഗം ചേരുമെന്നാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജസ്റ്റീസ് കെ.എം. ജോസഫിന്റെ വിഷയത്തിലും കേന്ദ്രം കൊളീജിയവുമായി എറ്റുമുട്ടിയിരുന്നു. എന്നാൽ ജസ്റ്റീസ് ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശിപാർശ ചെയ്തതോടെ കേന്ദ്രത്തിനു വഴങ്ങേണ്ടി വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.