ലണ്ടൻ: ഷോട്ട് എടുക്കരുത്, ഷോട്ട് എടുക്കരുത് എന്ന് ആളുകൾ പറയുന്നത് എനിക്കു കേൾക്കാമായിരുന്നു: 15 വാര ദൂരെനിന്ന് ബുള്ളറ്റ് കണക്ക് പായിച്ച ഒരു ഷോട്ടിലൂടെ ഗോൾ നേടിയതിനുശേഷം മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം വിൻസന്റ് കോംപനിയുടെ പ്രതികരണമിതായിരുന്നു.
സിറ്റിയുടെ കേളീശൈലി പ്രകാരം അത്തരമൊരു ഷോട്ട് ആ സമയത്ത് കളിക്കാർ എടുക്കുക അത്യപൂർവമാണ്. എന്നാൽ, നിർദേശങ്ങൾക്ക് ചെവികൊടുക്കാതെ ഷോട്ട് എടുത്ത കോംപനിയുടെ ബൂട്ടിൽനിന്ന് പന്ത് വലയിലേക്ക് വളഞ്ഞ് തുളഞ്ഞിറങ്ങിയപ്പോൾ പരിശീലകൻ സാക്ഷാൽ പെപ് ഗ്വാർഡിയോളപോലും അന്തംവിട്ടു.
70-ാം മിനിറ്റിൽ ബെൽജിയം താരം നേടിയ ആ ഗോളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി ജയം സ്വന്തമാക്കി. സിറ്റിയുടെ തുടർച്ചയായ 13-ാം ജയമായിരുന്നു അത്. ലെസ്റ്റർ സിറ്റിക്കെതിരേ സ്വന്തം തട്ടകത്തിൽ നേടിയ 1-0ന്റെ ജയത്തിലൂടെ മാഞ്ചസ്റ്റർ സിറ്റി കിരീട പോരാട്ടത്തിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി.