തിരുവനന്തപുരം :എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാഞ്ഞതിന് മകനെ മണ്‍വെട്ടിയുപയോഗിച്ച് പിതാവ് ക്രൂരമായി തല്ലിയ സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍ വികാര നിര്‍ഭരമായി. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനിരുന്ന മാതാവ് കേസെടുത്തതറിഞ്ഞ് മോഹലസ്യപ്പെട്ടു വീണു. മകനാകട്ടെ സ്റ്റേഷനില്‍ കരച്ചിലോട് കരച്ചിലും.
കിളിമാനൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നു വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം.
മകനെ കൈയ്ക്ക് പിന്നില്‍ ഒരു തവണ മാത്രമാണ് അടിച്ചതെന്നും ഇക്കാര്യത്തില്‍ മുറിവോ ചതവോ പരിക്കോ ഇല്ലെന്നാണ് സൂചനകള്‍. മകന്റെ പഠനകാര്യത്തില്‍ പിതാവ് സാബു അതീവ ശ്രദ്ധാലുവായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ സാബുവുമായി ഭാര്യ നിത്യവും വഴക്കു പിടിച്ചിരുന്നു.
ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന് തയ്യാറായത്. പ്രശ്നം ഇത്രത്തോളം വഷളാകുമെന്ന് അവര്‍ കരുതിയതുമില്ല. കേസായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങി. ഇതിനിടയില്‍ മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി.
മണ്‍വെട്ടിയുടെ പിടികൊണ്ട് മകന്റെ കൈമുട്ടിന് പിറകിലായാണ് സാബു അടിച്ചത്. സാബു മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.ഇതോടെ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു. മകന്റെ പഠന കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബു മകന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയിരുന്നു.