കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റിലൂടെ കൂടുതൽ മലയാളികൾ തീവ്രവാദത്തിലേക്കു കടന്നുവെന്ന എൻഐഎ നിരീക്ഷണം ശരിവയ്ക്കുന്ന തലത്തിൽ ഓരോ ദിവസവും കൂടുതൽ ആളുകളിലേക്കു അന്വേഷണം വ്യാപിക്കുന്നു. നിലവിൽ അന്പതോളം മലയാളികളും തമിഴ്നാട്ടുകാരും എൻഐഎ നിരീക്ഷണത്തിലാണ്. ഇവർ ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകരാണ്.
പാലക്കാട് അറസ്റ്റിലായ റിയാസ് അബൂബക്കറിനെ പിടികൂടിയതോടെയാണ് എൻഐഎയുടെ അന്വേഷണം വ്യാപിച്ചത്. ഇയാളൊടൊപ്പം കാസർഗോഡ് സ്വദേശികളായ രണ്ടു പേരും കരുനാഗപ്പള്ളി സ്വദേശിയും അറസ്റ്റിലായിരുന്നു. ഫൈസൽ, അബ്ദുൾ അറാഫത്ത്, അബ്ദുൾ റാഷിദ് എന്നീ മൂന്ന് പേരേയാണ് അറസ്റ്റു ചെയ്തിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പഴുതുകൾ അടച്ചുള്ള ശക്തമായ അന്വേഷണമാണ് നടന്നു വരുന്നത്.
ഇതിനിടയിലാണ് വിദേശത്തുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ (36) എൻഐഎ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദോഹയിൽനിന്നും നാട്ടിലെത്തിയ ഇയാൾ വരും ദിവസങ്ങളിൽതന്നെ എൻഐഎ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണു ലഭിക്കുന്ന വിവരങ്ങൾ. വിദേശത്തായിരുന്ന ഇയാളോട് അന്വേഷണസംഘം മുൻപാകെ നേരിട്ട് ഹാജരാകാൻ ബന്ധുക്കൾ മുഖാന്തിരം എൻഐഎ ആവശ്യപ്പെട്ടിരുന്നു. ദോഹയിൽനിന്ന് ഇന്നലെയാണ് മുഹമ്മദ് ഫൈസൽ കൊച്ചിയിലെത്തിയത്.
കേരളത്തിൽ ചാവേർ സ്ഫോടനത്തിനു തീവ്രവാദ സംഘടനയായ ഐഎസ് പദ്ധതി ഇട്ടിരുന്നുവെന്നും ഇതിൽ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ ഉൾപ്പെടെ മൂന്നു പേർക്കു പങ്കുണ്ടെന്നും എൻഐഎ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
സ്ഫോടനത്തിനു പദ്ധതിയിട്ടതിന്റെ മുഖ്യ സൂത്രധാരനായ റിയാസ് അബൂബക്കറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്ന് എൻഐഎയ്ക്കു വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണു മുഹമ്മദ് ഫൈസലിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എൻഐഎ പ്രതിചേർത്തത്. റിയാസിനെ മിലിട്ടറി ഇന്റലിജന്റ്സ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവയും ചോദ്യം ചെയ്യും.
കേരളത്തിൽ നിന്നും ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളി യുവാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം നാട്ടിൽ സ്ഫോടനം നടത്താനും റിയാസ് അബൂബക്കർ പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. റിയാസ് അബൂബക്കർ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഐഎസിന്റെ പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്.
ഐഎസിനു വേണ്ടി എന്തും ചെയ്യാൻ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികൾ ഐഎസിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടക്കം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു.ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി സ്വയം മാറാനാണ് റിയാസ് തീരുമാനിച്ചിരുന്നത്.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ വേണ്ടി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുകയാണ്. ഇപ്പോൾ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാൻഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുൾ റാഷിദിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പലയിടത്തായി ചാവേർ സ്ഫോടനങ്ങൾ നടത്താൻ റിയാസ് തീരുമാനിച്ചത്. ചാവേർ സ്ഫോടനങ്ങൾ നടത്തുക എന്നതായിരുന്നു റിയാസിന്റെ ലക്ഷ്യം.
റിയാസിനെ സഹായികളായി ധാരാളം പേർ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടെന്ന സംശയത്തിലേക്കാണ് എൻഐഎ നീങ്ങുന്നത്. ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവർക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തുവെന്ന യഥാർഥ്യം എൻഐഎ മനസിലാക്കുന്നു.