അന്പലപ്പുഴ: ശസ്ത്രക്രിയയ്ക്ക് മുന്പ് രോഗികളോട് ജീവനക്കാരന്റെ ക്രൂരത. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപ്പാസ് സർജറിക്കു മുന്പ് ശരീരഭാഗത്തെ രോമം നീക്കം ചെയ്യുന്നതിനിടെയാണ് രോഗികളുടെ ശരീരത്തിന്റെ പലഭാഗത്തും മുറിവേൽപ്പിച്ചത്.
നാലോളം പേരുടെ ശരീര ഭാഗത്ത് മുറിവേൽപ്പിച്ചതായി പറയപ്പെടുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് രോഗികൾ പറയുന്നത്. നാളെ വെട്ടിക്കീറാനുള്ളതല്ലേ എന്നാണ് പരാതി പറഞ്ഞവരോട് ഇയാൾ നൽകിയ മറുപടിയെന്നും രോഗികൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ടെന്നും രോഗികളെ വേദനിപ്പിച്ചവർക്കെതിരേ ശിക്ഷാ നടപടി എടുക്കുമെന്നും സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു.