മുക്കം : പുണ്യമാസമായ റംസാനിന് ഇത്തവണ ദൈർഘ്യമേറെ. ഈ വർഷത്തെ റംസാനിലെ പകലിന് കേരളത്തിൽ 14 മണിക്കൂറാണ് ദൈർഘ്യം.നോമ്പ് ആരംഭിക്കുന്നതിന്റെ അടയാളമായി വിശ്വാസികൾ കണക്കാക്കുന്ന സുബഹ് ബാങ്ക് പുലർച്ചെ 4.46 നാണ്. അസ്തമയത്തിൽ നോമ്പ് തുറക്കുന്ന മഗ്രിബ് ബാങ്ക് സമയം വൈകുന്നേരം 6.44നുമാണ്.
ഇത് പിന്നീട് റംസാൻ അവസാനത്തിലെത്തുമ്പോൾ സുബഹ് 4.39ൽ തുടങ്ങി മഗ്രിബ് 6.51 വരെയെത്തും. കടുത്ത വേനലിൽ ദൈർഘ്യമേറിയ പകലിലെ റംസാൻ ഏറെക്കാലങ്ങൾക്ക് ശേഷമാണെന്ന് പൂർവികർ പറയുന്നു. റംസാനിൽ ഏറ്റവുമധികം ദൈർഘ്യമുള്ള നോമ്പ് ഇത്തവണ ഡൻമാർക്കിലേതും സ്വീഡനിലേതുമാണ്. ഇവിടെ 21 മണിക്കൂറാണ് .
ഏറ്റവും കുറവ് ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിലും ഒന്‍പതര മണിക്കൂർ. നെതർലൻഡ്സിലും ബെൽജിയത്തിലും പതിനെട്ടര മണിക്കൂറും സ്പെയിനിലും ജർമ്മനിയിലും പതിനാറര മണിക്കൂറുമാണ് ദൈർഘ്യം.അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ 16 മണിക്കൂറും ഓസ്ട്രേലിയയിൽ 10 മണിക്കൂറും ബ്രസീലിൽ 11 മണിക്കൂറുമാണ് ഈ വർഷത്തെ റംസാനിന്റെ നോമ്പ് സമയം .
കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴക്കാലത്താണ് റംസാൻ കാലമുണ്ടായിരുന്നത്.കഴിഞ്ഞ റംസാൻ മെയ് അവസാനത്തിലാണ് ആരംഭിച്ചിരുന്നത്. അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും നോമ്പെത്തുക. കേരളത്തെ സംബന്ധിച്ചിടത്തോളം കടുത്ത ചൂട് തന്നെയാണ് വിശ്വാസികൾക്ക് വലിയ വെല്ലുവിളി.