മഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ നടത്തിയ കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത ഏഴു പ്രതികൾക്കെതിരെയുള്ള കുറ്റപത്രം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
മേയ് പത്തിന് കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്കു കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കാമറൂണ്‍ സ്വദേശികളായ വെർദി ടെൻയണ്ടയോങ്ങ് (35), ഡോഹ് ക്വെൻറിൻ ന്വാൻസുവ (37), മീഷേൽ ബോണ്‍വി (28), കാമറൂണ്‍ നോർത്ത് വെസ്റ്റ് റീജ്യൻ ഫിദൽ അതൂദ് ണ്ടയോങ്ങ് (37), അകുംബെ ബോമ ഞ്ചിവ (28), ലാങ്ങ്ജി കിലിയൻ കെങ്ങ് (27), നൈജീരിയൻ സ്വദേശി ഒകുബ കിംഗ്സ്ലി (30) എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് മഞ്ചേരി പോലീസ് സമർപ്പിച്ചത്.
മഞ്ചേരി സ്വദേശിയുടെ ഹോൾസെയിൽ മരുന്ന് വിപണന കേന്ദ്രത്തിലേക്കാവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്സൈറ്റിൽ സെർച്ച് ചെയ്തതിനെ തുടർന്നു ബന്ധപ്പെട്ട പ്രതികൾ ഇപ്രകാരം പരാതിക്കാരനിൽ നിന്നു ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സർജിക്കൽ ആൻഡ്് ഫാർമസ്യൂട്ടിക്കൽ വിതരണക്കാരായ മഞ്ചേരി സബാഹ് എന്റർപ്രൈസസ് ഉടമയാണ് കേസിലെ പരാതിക്കാരൻ. വളരെയധികം സാങ്കേതിക പരിജ്ഞാനമുള്ള പ്രതികളെ തിരിച്ചറിയുകയെന്നത് പോലിസിനു ഏറെ ശ്രമകരമായിരുന്നു. ഈ കേസിലെ പരാതിക്കാരൻറെ പണം രാജസ്ഥാനിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പോയതെന്നു മനസിലായതിൽ പോലീസ് രാജസ്ഥാനിലെത്തി അന്വേഷണം നടത്തിയിരുന്നു.
പ്രതികളായ ബോമഞ്ചിവ ഹൈദരാബാദിൽ നിന്നു ലാങ്ങ്ജി കിലിയൻ കെങ്ങ് കാമറൂണിൽ നിന്നുമാണ് തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. ഏതാനും മാസങ്ങൾക്കു മുന്‍പാണ് പ്രതികൾ ഇന്ത്യയിലെത്തിയത്. പ്രതികളിൽ നിന്നു നിരവധി മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
വിവിധ കന്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകൾ തയ്യാറാക്കി പലതരം ഉത്പന്നങ്ങൾ വില്പനക്കെന്ന പേരിൽ പരസ്യം ചെയ്യുകയാണ് സംഘത്തിന്റെ തട്ടിപ്പു രീതി. ഇവരുടെ വെബ്സൈറ്റിൽ ആരെങ്കിലും ഉത്പന്നങ്ങൾക്കായി പരിശോധന നടത്തിയാൽ ഉടനടി ഇവർക്ക് സന്ദേശം ലഭിക്കുകയും ഇവർ ഇ-മെയിൽ മുഖേനയോ വിർച്വൽ നന്പറുകൾ മുഖേനയോ ഇരകളെ ബന്ധപ്പെടും ചെയ്യുന്നു.
ഇര ഉത്പന്നം വാങ്ങാൻ തയാറാണെന്ന് തോന്നിയാൽ കന്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിനു വ്യാജമായി ലൈസൻസുകളും ഇതര രേഖകളും തയാറാക്കി അയച്ചുകൊടുക്കും. പിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാൻസായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടും.
പണം അടവാക്കിയാൽ ഇര വാങ്ങാൻ ഉദേശിക്കുന്ന ഉത്പന്നം കൊറിയർ ചെയ്തതായും അതിൻറെ കണ്‍സൈൻമെൻറ് നന്പറടക്കമുള്ള സന്ദേശമയക്കും. പ്രതികൾ തന്നെ വിവിധ കൊറിയർ കന്പനികളുടേതെന്ന വ്യാജേന തയാറാക്കിയ വെബ്സൈറ്റുകളിൽ ഈ കണ്സൈൻമെന്റ് നന്പർ ട്രാക്ക് ചെയ്യാനാകുമെന്നതിനാൽ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതൽ വിശ്വാസം തോന്നുംവിധത്തിലായിരുന്നു തട്ടിപ്പ്.
ഏതാനും ദിവസങ്ങൾക്ക് ശേഷം കൊറിയർ കന്പനിയിൽ നിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിംഗ് മോശമാണെന്നും അതിനു ഇൻഷ്വറൻസായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇരകൾ വീണ്ടും പണം അടക്കുകയും ഭീമമായ സാന്പത്തിക നഷ്ടത്തിൽ അകപ്പെടുകയുമാണ് ചെയ്യുന്നത്. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും ജർമനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.