വളാഞ്ചേരി: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയായ വളാഞ്ചേരി നഗരസഭാ എൽഡിഎഫ് കൗണ്‍സിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. അതേസമയം, ഷംസുദ്ദീനെതിരേ വളാഞ്ചേരി പോലീസ് തയാറാക്കിയ ലൂക്ക് ഒൗട്ട് നോട്ടീസ് ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി.
വിവാഹവാഗ്ദാനംനൽകി വളാഞ്ചേരി നഗരസഭാംഗമായ നടക്കാവിൽ ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വളാഞ്ചേരി പോലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുള്ളതിനാലാണ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
അതിനിടെ പ്രതിയായ ഷംസുദ്ദീൻ മന്ത്രി കെ.ടി.ജലീലിന്റെ സുഹൃത്താണെന്ന് ആരോപണമുയർന്നു. മന്ത്രി ഷംസുദ്ദീന്റെ കാർ ഉപയോഗിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ തന്റെ സുഹൃത്തുക്കൾ ഭാവിയിൽ എന്തുചെയ്യുമെന്ന് തനിക്ക് കാണാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒരാൾ ഭാവിയിൽ എന്തുചെയ്യുമെന്ന് പറയാനാവില്ല. താനുമായുള്ള സൗഹൃദം ഈ കേസിൽ ഒരു തരത്തിലും ബാധിക്കില്ല. തന്റെ മകനാണ് കുറ്റംചെയ്തതെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.