മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനം മഴയിൽ തടസപ്പെടുമോയെന്ന് ആശങ്ക. മണ്ണാർക്കാട് നഗരത്തിലെ മഴവെള്ളച്ചാലുകളുടെയും നിർമാണം പാതിവഴിയിലാണ്. ഇതുമൂലം വെള്ളം സുഗമമായി പോകുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ ഉയരത്തിലായതിനാൽ മഴവെള്ളം ഒന്നാകെ ഒഴുകി കച്ചവടസ്ഥാപനങ്ങളിലേക്ക് കയറാനും സാധ്യത ഏറെയാണ്.
കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. സൊസൈറ്റിയോടു നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മണ്ണാർക്കാട് എംഎൽഎയും വ്യാപാരികളും പറഞ്ഞിരുന്നു.
ആദ്യഘട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായെങ്കിലും പിന്നീട് മൂന്നു റീച്ചുകളായി തിരിച്ചായിരുന്നു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.മഴ പെയ്താൽ ഇപ്പോഴും കടയ്ക്കുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പല ഭാഗത്തുമുള്ളത്.
ഇത് കണക്കിലെടുത്തു നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയാൽ മാത്രമേ മണ്ണാർക്കാട് നഗരത്തിലെ വ്യാപാരികളെ രക്ഷിക്കാനാകൂ. ഏതാനും മാസംമുന്പ് പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളം ഉയർന്ന് കച്ചവടസ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിരുന്നു.
ഈ സാഹചര്യത്തിൽ എത്രയുംവേഗം നഗരത്തിലെ അഴുക്കുചാലുകളുടെ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.