കോഴിക്കോട്: ട്രാക്കിൽ വമ്പൻ കുതിപ്പുമായി വിജയം ശീലമാക്കിയ ദേശീയ കായിക താരം അപർണ റോയ് പ്ലസ്ടു പരീക്ഷയിലും മിന്നിത്തിളങ്ങി. തിരുവമ്പാടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണ കൊമേഴ്സിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് മിന്നിത്തിളങ്ങിയത്. അപർണയുടെ സഹപാഠിയും കായികതാരവുമായ നിയ റോസ് രാജുവിനും സമ്പൂർണ വിജയമുണ്ട്. നിയ സയൻസിലാണ് മുഴുവൻ മാർക്കും നേടിയത്. ഇതേ സ്കൂളിലെ കായികതാരം ജോമൽ ബെന്നി സയൻസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും നേടി.
ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ നിരവധി സ്വർണപ്പതക്കങ്ങൾ നേടിയ അപർണയ്ക്ക് മത്സരങ്ങൾ കാരണം പലപ്പോഴും സ്കൂളിലെത്താനാവാറില്ല. അധ്യാപകരും സഹപാഠികളുമാണ് പഠനത്തിൽ സഹായിക്കുന്നത്. എന്നാൽ, നോട്ടുകൾ മുഴുവൻ എഴുതി വായിക്കുന്ന സ്വഭാവം അപർണയ്ക്കില്ല.
ടെക്സ്റ്റ് പുസ്തകങ്ങൾ പഠിച്ചാണ് മികച്ച വിജയത്തിലേക്ക് ഫിനിഷ് ചെയ്തത്. ഏത് വിഷയമായിരുന്നു ഏറ്റവും കടുപ്പമെന്ന് ചോദിച്ചാൽ എല്ലാം കടുപ്പവും എളുപ്പവുമാണെന്നാണ് മറുപടി. മത്സരങ്ങൾക്ക് പോകുന്പോൾ സ്പൈക്കിനൊപ്പം പുസ്തകങ്ങളും കൊണ്ടുപോകുന്ന പതിവ് അപർണയ്ക്കില്ലായിരുന്നു. എന്നാൽ, ഇത്തവണ മോഡൽ പരീക്ഷ കഴിഞ്ഞയുടൻ ദേശീയ സ്കൂൾ മീറ്റിനായി ഗുജറാത്തിലെ നാദിയാദിലേക്ക് പോയപ്പോൾ പാഠപുസ്തകങ്ങളും എടുത്തെങ്കിലും വായിച്ചിരുന്നില്ല. മീറ്റുകൾക്ക് പോകുന്പോൾ അതിൽ മാത്രമാണ് ഈ താരത്തിന്റെ ശ്രദ്ധ. പഠനം വീട്ടിലെത്തിയശേഷം മാത്രം
.
ശ്രദ്ധേയമായ മെഡൽനേട്ടങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി ചേർന്നപ്പോഴാണ് അപർണയ്ക്ക് 1200 മാർക്കിലേക്ക് കുതിക്കാനായത്. ജനൽചില്ല് കൈയ്യിൽ തട്ടി പരിക്കേറ്റതിനാൽ പരിശീലനമില്ലാതെ വിശ്രമിക്കുന്പോഴാണ് അപർണയ്ക്ക് സന്തോഷമേകിയ പരീക്ഷാഫലം എത്തിയത്.
സംസ്ഥാന, ദേശീയ സീനിയർ മീറ്റുകളിൽ മെഡൽ നേടുകയാണ് ഈ കൗമാരക്കാരിയുടെ അടുത്ത ലക്ഷ്യം. ശിഷ്യരുടെ ഉയർന്ന വിജയത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മലബാർ സ്പോർട്സ് അക്കാഡമി പരിശീലകൻ ടോമി ചെറിയാൻ അറിയിച്ചു.