സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്‍ഗ്രസും സിപിഎമ്മും. തീപാറിയപോരാട്ടം നടന്ന കോഴിക്കോട് മണ്ഡിലത്തിലാണ് സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത ചെളിവാരി എറിയല്‍ നടക്കുന്നത്. പോളിംഗ കഴിഞ്ഞ ദിവം മുതല്‍ തൊട്ട് തുടങ്ങിയ ഈ വിഴുപ്പലക്കിലിന് ഇതുവരെ അവസാനമായില്ല.
ഇടതുമുന്നണി സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ വോട്ട് ചെയ്തില്ലെന്നും ആവോട്ടുകളെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് കിട്ടിയെന്നും ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഇന്നലെ പരസ്യമായി പ്രസ്താവിച്ചു. ആ നേതാക്കള്‍ക്ക് വാക്കുകൊടുത്തിരിക്കുന്നതിനാല് അവരുടെ പേര് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം എം.കെ.രാഘവനെതിരായ ഒളികാമറാ വിവാദത്തില്‍ തങ്ങള്‍ക്ക് നിയമപരമായ സഹായം ചെയ്തുതന്നത് യുഡിഎഫ് നേതാക്കളാണെന്നായിരുന്നു ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്തുവെന്നാണ് അദേഹവും അവകാശപ്പെട്ടത്.
പ്രചരണരംഗത്തുണ്ടായിരുന്നു വീറും വാശിയും അതേപടി പ്രസ്താനയുദ്ധത്തിലും തുടരുന്നകാഴ്ചയാണ് കോഴിക്കോട് മണ്ഡലത്തില്‍. സിപിഎം അഭിമാനപേരാട്ടമായി കാണുന്ന മണ്ഡലം കൂടിയാണിത്. ബിജെപി വോട്ടുകള്‍ യുഡിഎഫിന് വിറ്റു എന്ന് സിപിഎം ജില്ലാസെക്രട്ടറി തന്നെ പി. മോഹനന് തന്നെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞിരുന്നു.
എന്നാല്‍ സിപിഎം വോട്ടുകള്‍ പോലും തനിക്കു ലഭിച്ചുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബു അവകാശപ്പെട്ടു. കോലീബി സഖ്യമെന്ന ആക്ഷേപം എറ്റവും കൂടുതല്‍ ശക്തമായതും കോഴിക്കോടും വടകരയും തന്നെയായിരുന്നു.
വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ ശേഷിക്കേ പ്രസ്താവനകളിലൂടെ കൊമ്പുകോര്‍ക്കുകയാണ് നേതാക്കള്‍ . എ. പ്രദീപ് കുമാറിനെ തോല്‍പ്പിക്കാന്‍ മുഹമ്മദ് റിയാസും അനുകൂലികളും ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ അത് തോല്‍വി ഭയന്ന് യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം മാത്രമാണെന്നാണ് ഇടതുമുന്നണി പറയുന്നത്.
ഇരുമുന്നണികളില്‍ നിന്നും രഹസ്യമായി അടിയൊഴുക്കുകള്‍ ഉണ്ടായെന്ന സൂചനയാണ് നേതാക്കളുടെ പ്രസതാവനകളിലൂടെ ബോധ്യമാകുന്നത്. വേട്ടെണ്ണുമ്പോള്‍ ഇത് എങ്ങിനെ പ്രതിഫലിക്കും എന്നുമാത്രമേ ഇനി അറിയാനുള്ളു.