തിരുവനന്തപുരം: ഇന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. വികസന രംഗത്ത് ഒന്നും നേടാൻ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്താൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന ആരോപണത്തിന് വിശദീകരണം നൽകാൻ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണ്. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന് തടസം എന്താണെന്ന് ഡൽഹിയിൽ പോയി അന്വേഷിക്കണമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. താൻ കേന്ദ്രത്തിന് അയച്ച കത്തിൽ നിയമാനുസൃതം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വിഷയത്തിൽ താൻ കത്തയച്ചത് സിപിഎമ്മുകാരടക്കം എല്ലാ പാർട്ടിയിലുള്ളവർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.