സ്വന്തം ലേഖകൻ
തൃശൂർ: ജയിൽപുള്ളികൾക്ക് പരോൾ അനുവദിക്കും പോലെ നിശ്ചിതസമയത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ സാധ്യത. രണ്ടോ മൂന്നോ മണിക്കൂറിലേക്ക് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ പ്രത്യേക അനുമതി നൽകാൻ ഉന്നതതലങ്ങളിൽ ആലോചന നടക്കുന്നുണ്ട്. പൂരവിളംബരം നടത്തുന്ന തെക്കേഗോപുര നട തുറക്കൽ ചടങ്ങിന് കൃത്യസമയം പാലിച്ച് ആനയെ കൊണ്ടുവന്ന് മടക്കിക്കൊണ്ടുപോകണമെന്ന കർശന നിർദ്ദേശത്തോടെ അനുമതി നൽകാനാണ് ആലോചിക്കുന്നത്.
കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകും. ആളുകളെ പതിവിന് വിപരീതമായി ആനയുടെ അടുക്കൽ നിൽക്കാൻ അനുവദിക്കാത്ത വിധമായിരിക്കണം സജ്ജീകരണമെന്നും സുരക്ഷ സംവിധാനങ്ങൾ മൂന്നു മടങ്ങെങ്കിലും വർധിപ്പിച്ചേ ആനയെ എഴുന്നള്ളിക്കാവൂ എന്നും ആനയ്ക്കൊപ്പം വിദഗ്ധ പാപ്പാൻമാരും ആന എന്തെങ്കിലും പ്രശ്നമോ അസ്വസ്ഥതയോ കാണിച്ചാൽ അടിയന്തിരമായി ഇടപെടാനും നിയന്ത്രിച്ചു നിർത്താനും കഴിവുള്ള എലിഫന്റ് സ്ക്വാഡിലെ അംഗങ്ങളും ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന സമയം മുതൽ അവസാനം വരെ ഉണ്ടാകണമെന്നും നിർദ്ദേശിക്കും.
മയക്കുവെടി വിദഗ്ധരടക്കമുളള ആന ചികിത്സകരുടെ സാന്നിധ്യവും ഉറപ്പാക്കണമെന്ന് സംഘാടകർക്ക് നിർദ്ദേശം നൽകും. കളക്ടറും ജില്ലാ പോലീസ് മേധാവിയുമടക്കമുള്ളവർ സ്ഥിതിഗതികൾ ലൈവായി നിരീക്ഷിക്കണമെന്നും കർശന നിർദ്ദേശമുണ്ടാകും.
എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും മുന്പ് പലതലങ്ങളിലും ചർച്ചകളും അഭിപ്രായരൂപീകരണവും ആവശ്യമാണെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഉത്തരവാദിത്വം ആരുടെയെങ്കിലും മേൽ ചുമത്താൻ കഴിയില്ലെന്നുള്ളതിനാൽ ആലോചിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നും പേരുവെളിപ്പെടുത്തരുതെന്ന് പറഞ്ഞുകൊണ്ട് ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.