കോഴഞ്ചേരി: ജനജീവിതം ദുസഹമാകുന്ന തരത്തിൽ വഴിവക്കുകളിലും മറ്റും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കോഴഞ്ചേരി പാലത്തിന് സമീപമുള്ള ചന്തക്കടവ്, വണ്ടിപേട്ട, മാലിന്യ സംസ്കാരണ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് ഡിഡിപി എസ്. സൈമ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അവർ പറഞ്ഞു.
ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പാതയോരങ്ങളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മാസങ്ങളായി ആരും നടപടി സ്വീകരിച്ചിരുന്നില്ല. മാലിന്യ സംസ്കരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതും ആവശ്യത്തിന് ജീവനക്കാരോ കരാറുകാരോ ഇല്ലത്തതുമാണ് മാലിന്യ നീക്കം തടസപ്പെടാൻ ഇടയാക്കിയത്.
പഴകിയ ആഹാര സാധനങ്ങൾ, അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, തലമുടി കെട്ടുകൾ, ചീഞ്ഞളിഞ്ഞ പച്ചക്കറികൾ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തുടങ്ങിയവയുടെ വൻ നിക്ഷേപമാണ് പല സ്ഥലങ്ങളിലും കാണപ്പെട്ടിരുന്നത്. രാത്രികാലങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്നു പോലും മാലിന്യങ്ങൾ തള്ളപ്പെട്ടതായും പരക്കെ ആക്ഷേപമുണ്ട്. മഴക്കാലവും പകർച്ചവ്യാധികളും പടിവാതിൽക്കലെത്തി മാലിന്യനീക്കത്തിൽ കാട്ടുന്ന അലംഭാവത്തേ തുടർന്നാണ് പരാതികളേറിയത്.
പമ്പാ നദിയിലും തണുങ്ങാട്ടിൽ പാലത്തിന് സമീപത്തെ തോട്ടിലും പലപ്പോഴും മാലിന്യ ചാക്കുകൾ കാണപ്പെടാറുണ്ട്. ജല മലിനീകരണത്തിനും ഇത് ഇടവയ്ക്കുന്നു. സാധാരണ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടക്കണമെന്നാവശ്യപ്പെട്ടാണ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കളക്ടർക്ക് പരാതി സമർപ്പിച്ചത്.
തിരുവല്ല കുമ്പഴ സംസ്ഥാന പാതയുടെ വശങ്ങളിലും തെക്കേമല പുന്നയ്ക്കാട് റോഡ് തണുങ്ങാടിൽ പാലം, കോളജ് ജംഗ്ഷൻ, കീഴുകര റോഡ്, മാർക്കറ്റ്, ചന്തക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിന്യകൂമ്പാരമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഡിഡിപി എസ്. സൈമയെ കൂടാതെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, അംഗം ജോമോൻ പുതുപറമ്പിൽ, എം.എ.ജോസഫ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും ഇവർ പരിശോധന നടത്തി.