ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കുറ്റവിമുക്തയാക്കപ്പെട്ട കത്തോലിക്കാ വീട്ടമ്മ ആസിയ ബീബി കാനഡയിൽ എത്തിയതായി സ്ഥിരീകരിക്കാതെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആസിയയുടെ ഭർത്താവും മക്കളും നേരത്തേതന്നെ കാനഡയിൽ എത്തിയിരുന്നു.
ആസിയ രണ്ടു ദിവസം മുന്പ് കാനഡയിൽ എത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രധാനമന്ത്രി തയാറായില്ല. അതേസമയം ആസിയ കാനഡയിൽ എത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയും സ്ഥിരീകരിച്ചു.
സുരക്ഷ കാരണങ്ങളാലാണ് കാനഡ ആസിയായുമായി ബന്ധപ്പെട്ട വിവരം പുറത്തു വിടാത്തതെന്നാണ് റിപ്പോർട്ട്. പത്തു വർഷം നീണ്ട ആശങ്കയുടെ നാളുകൾക്കൊടുവിലാണു നാല്പത്തേഴുകാരിയായ ആസിയ ബീബിക്കു സ്വതന്ത്രലോകത്ത് എത്താൻ കഴിഞ്ഞത്.
മതനിന്ദ ആരോപിച്ച് ഇസ്ലാമിക മൗലികവാദികളാണ് ആസിയയെ 2009- ൽ പോലീസിൽ ഏല്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 31നു പാക് സുപ്രീം കോടതി ആസിയയെ കുറ്റവിമുക്തയാക്കി.
ഇതേത്തുടർന്നു ജയിലിൽനിന്നു പുറത്തുവന്ന അവരെ പാക് സുരക്ഷാസേനകൾ സംരക്ഷിച്ചുവരികയായിരുന്നു. കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ മൗലികവാദികൾ പാക്കിസ്ഥാനിൽ പലേടത്തും പ്രക്ഷോഭം സംഘടിപ്പിച്ചു. വിധിക്കെതിരേ അപ്പീൽ നൽകാമെന്നു സർക്കാർ ഉറപ്പുനൽകിയാണു പ്രക്ഷോഭം അടക്കിയത്. ജനുവരിയിൽ സുപ്രീംകോടതി അപ്പീൽ തള്ളി.