കർഷകത്തൊഴിലാളിയാണ് മതനിന്ദയുടെ പേരിൽ വധശിക്ഷ വിധിക്കപ്പെട്ട ശേഷം പാക്കിസ്ഥാനിൽനിന്നു കുറ്റവിമുക്തയായി രാജ്യംവിട്ട ആസിയാ ബീബി. 2009ൽ മറ്റു സ്ത്രീകളോടൊപ്പം പണിയെടുക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണു പ്രശ്നങ്ങളിലേക്കു നയിച്ചത്.
പഞ്ചാബിലെ ശൈഖുപുര ജില്ലയിലെ ഇത്താൻ വാലി ഗ്രാമത്തിലാണ് ആസിയ നോറീൻ ബീബി ജനിച്ചുവളർന്നത്. ഇഷ്ടികച്ചൂളയിൽ തൊഴിലാളിയായ ആഷിഖ് മസീഹ് ആണു ഭർത്താവ്. ആഷിഖിനു മുൻ വിവാഹത്തിൽ മൂന്നു കുട്ടികളുണ്ട്. ഈ ദാന്പത്യത്തിൽ രണ്ടും.
ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ കുടുംബമാണ് ഇവരുടേത്. അയൽക്കാർ ഇസ്ലാമിലേക്കു മാറാൻ ആസിയയെ നിർബന്ധിക്കാറുണ്ടായിരുന്നു. പണിസ്ഥലത്തുവച്ച് ആസിയ വെള്ളം കുടിക്കാൻ അയൽക്കാരിയുടെ പാത്രം ഉപയോഗിച്ചതിനെച്ചൊല്ലിയാണു തർക്കമുണ്ടായത്. മുസ്ലിമിന്റെ പാത്രം ക്രൈസ്തവർ ഉപയോഗിക്കരുതെന്നു മുസാറത് എന്ന തൊഴിലാളിസ്ത്രീ പറഞ്ഞു. മുസാറത്തിന്റെയും ആസിയയുടെയും വീട്ടുകാർ തമ്മിൽ വേറെയും വഴക്കുകളുണ്ടായിരുന്നു. വെള്ളപ്പാത്രത്തെച്ചൊല്ലിയുള്ള തർക്കം നീണ്ടുനിന്നു.
മതനിന്ദക്കുറ്റം
അഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ആസിയ പ്രവാചകനിന്ദ നടത്തിയെന്നു സ്ഥലത്തെ മോസ്കിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിച്ചു. മൗലികവാദികൾ തടിച്ചുകൂടി ആസിയയെ വീട്ടിൽനിന്നു പിടിച്ചിറക്കി തെരുവിലിട്ടു മർദിച്ചു. പിന്നീടാണു പോലീസിൽ ഏൽപ്പിച്ചത്. മതനിന്ദയും പ്രവാചകനിന്ദയും ദൈവദൂഷണത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണു പാക്കിസ്ഥാനിൽ.
മുസാറത്തുമായി വാക്കുതർക്കമുണ്ടായതു സമ്മതിച്ച ആസിയ താൻ പ്രവാചകനിന്ദയോ മതനിന്ദയോ നടത്തിയിട്ടില്ലെന്നു കോടതിയിൽ ബോധിപ്പിച്ചു. ദൈവദൂഷണവും മറ്റും ചിലർ ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച ആരോപണമാണെന്നും പറഞ്ഞു. പക്ഷേ, 2010 നവംബറിൽ ജഡ്ജി മുഹമ്മദ് നവീദ് ഇഖ്ബാൽ ആസിയയെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട ആദ്യത്തെ പാക്കിസ്ഥാനി സ്ത്രീയായി ആസിയ.
ഏകാന്ത തടവ്
ലാഹോർ ജയിലിൽ പത്തടി നീളവും എട്ടടി വീതിയുമുള്ള മുറിയിൽ ഏകാന്ത തടവാണ് അവർക്കു കിട്ടിയത്. സുരക്ഷ ഉറപ്പാക്കാൻ എന്നു പറഞ്ഞാണു ജനാല പോലുമില്ലാത്ത മുറിയിൽ അടച്ചത്. ആസിയയുടെ അപ്പീൽ നാലു വർഷത്തിനു ശേഷം 2014 ഒക്ടോബറിൽ ലാഹോർ ഹൈക്കോടതി തള്ളി. പിറ്റേ മാസം ഭർത്താവ് പാക്കിസ്ഥാൻ പ്രസിഡന്റിന്റെ പക്കൽ ദയാഹർജി നൽകി. (ഈ കേസിൽ ദയാഹർജി പരിഗണിക്കരുതെന്നു ലാഹോർ ഹൈക്കോടതി കുറേ വർഷം മുന്പ് ഒരു ഉത്തരവിറക്കിയിരുന്നു.) ഒപ്പം സുപ്രീം കോടതിയിൽ അപ്പീലും നൽകി.
വിട്ടയയ്ക്കൽ
ചീഫ് ജസ്റ്റീസ് മിയാൻ സാഹിബ് നിസാർ, ജസ്റ്റീസുമാരായ ആസിഫ് സഈദ് ഖോസ, മസ്ഹർ ആലം എന്നിവരടങ്ങിയ ബെഞ്ച് 2018 ഒക്ടോബർ 31ന് ആസിയ ബീബിയെ കുറ്റവിമുക്തയാക്കി. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പ്രോസിക്യൂഷന്റെ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആസിയ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിനെ അപമാനിച്ചവരാണു വ്യാജ ആരോപണം ഉന്നയിച്ചതെന്നും ജഡ്ജിമാർ വിലയിരുത്തി.
കലാപം, അഭയം
വിധിക്കെതിരേ മതമൗലികവാദികൾ തെരുവിലിറങ്ങി. അപ്പീൽ നൽകാമെന്നു പറഞ്ഞു സർക്കാർ തന്ത്രപരമായി നീങ്ങിയാണു കലാപം ഒതുക്കിയത്. നിരവധി വിദേശരാജ്യങ്ങൾ ആസിയയ്ക്കും കുടുംബത്തിനും അഭയം നൽകാൻ തയാറായി. ബ്രിട്ടൻ ഒരു വിമാനം അയച്ചുകൊടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ, മൗലികവാദികളുടെ എതിർപ്പുമൂലം പെട്ടന്ന് ആസിയയെയും കുടുംബത്തെയും വിദേശത്തേക്ക് അയയ്ക്കാൻ കഴിഞ്ഞില്ല.
പിന്നീടു സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകി. അതിനിടെ, ആസിയയെയും കുടുംബത്തെയും രഹസ്യ സുരക്ഷിത കേന്ദ്രത്തിലാക്കി.അപ്പീൽ ജനുവരിയിൽ തള്ളപ്പെട്ടു. പിന്നീടു കുടുംബാംഗങ്ങളെയും ആസിയയെയും സുരക്ഷിതമായി രാജ്യത്തുനിന്നു രക്ഷിച്ചുവിടാനുള്ള രഹസ്യമായ നയതന്ത്രനീക്കങ്ങളായി. അതിന്റെ ശുഭപര്യവസാനമായാണ് രണ്ടു ദിവസം മുന്പ് ആസിയ കാനഡയിലെത്തിയത്.