തളിപ്പറമ്പ്: കീഴാറ്റൂര്‍ തോട്ടില്‍ മാലിന്യം നിറഞ്ഞു. ഇതോടെ മീനുകള്‍ ചത്തു പൊങ്ങാൻ തുടങ്ങി. കടുത്ത ദുര്‍ഗന്ധവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മലിന ജലം കിണറുകളിലേക്കൊഴുകിയെത്തി പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.കീഴാറ്റൂരിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
തളിപ്പറമ്പ് നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഒഴുകിയെത്തി അതിന്റെ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു കീഴാറ്റൂര്‍ ജനത. വര്‍ഷങ്ങളായി പ്രശ്ന പരിഹാരത്തിനു വേണ്ടി നടത്തിയ മുറവിളികള്‍ക്കു ശേഷം തളിപ്പറമ്പ് നഗരസഭ ഏതാണ്ട് ഒരുകോടിയിലേറെ ചെലവഴിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചതോടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ചെറിയ രീതിയില്‍ പരിഹാരമായിരുന്നു.
എന്നാല്‍ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന ഖരമാലിന്യങ്ങള്ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ തോട്ടിലേക്ക് ഒഴുകിയെത്തിയ മലിന ജലം ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും തുറന്നു വിട്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാവിലെ വരെ തെളിഞ്ഞ വെളളം ഒഴുകിയിരുന്ന തോട്ടില്‍ ഉച്ചക്കുശേഷമാണ് ദുര്‍ഗന്ധത്തോട് കൂടിയ മലിന ജലം ഒഴുകിയെത്താന്‍ തുടങ്ങിയത്. കുറച്ചു സമയത്തിനു ശേഷം മീനുകള്‍ ചത്തു പൊങ്ങാന്‍ തുടങ്ങി. കീഴാറ്റൂര്‍ ഭാഗത്തെ കിണറുകളിലെ വെളളം തോടുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
തോട്ടില്‍ ഒഴുകിയെത്തിയ മലിന ജലം കിണറിലേക്കുമെത്തി പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നേരത്തേ തന്നെ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ശാശ്വതമായ പരിഹാരത്തിനുളള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. നഗരസഭാ ആരോഗ്യ വിഭാഗം അധികാരികള്‍ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.