തൃശൂർ: അധ്യാപകരുടെ യോഗ്യതാനിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസാകാനുള്ള സമയപരിധി അവസാനിച്ചതോടെ യോഗ്യത നേടാനാകാതെ നിരവധി അധ്യാപകർ. അടുത്ത അധ്യയനവർഷത്തിൽ വിദ്യാഭ്യാസരംഗത്തു പുതിയ പ്രതിസന്ധിക്കും ഇതു കാരണമാകും.
സംസ്ഥാനത്ത് 2012 മുതൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കു വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന യോഗ്യതാപരീക്ഷ പാസാകാനുള്ള സമയപരിധി മാർച്ച് 31 വരെയായിരുന്നു.
കടുപ്പമേറിയ പരീക്ഷ എല്ലാ അധ്യാപകരും എഴുതിയെങ്കിലും പലർക്കും പാസാകാൻ കഴിഞ്ഞില്ല. സമയപരിധി കഴിഞ്ഞതോടെ വീണ്ടും എഴുതാനും കഴിയാതായി. 2009ൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന കെ-ടെറ്റ് യോഗ്യതാപരീക്ഷ എൽപി വിഭാഗത്തിനു കാറ്റഗറി ഒന്നും അപ്പർ പ്രൈമറി വിഭാഗത്തിനു കാറ്റഗറി രണ്ടും ഹൈസ്കൂൾ വിഭാഗത്തിനു കാറ്റഗറി മൂന്നും ഭാഷാധ്യാപകർക്കു കാറ്റഗറി നാലും ആണ് വിജയിക്കേണ്ടത്.
കെ-ടെറ്റ് പരീക്ഷ സംബന്ധിച്ച് അധ്യാപകർക്കിടയിൽ വ്യാപകമായ പരാതിയാണുണ്ടായിരുന്നത്. മനഃപൂർവം തോല്പിക്കാൻ വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.
സെറ്റ് പരീക്ഷയേക്കാളും കഠിനമായാണ് കെ-ടെറ്റ് പരീക്ഷ നടത്തിയിരുന്നത്. 2012 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ കെ-ടെറ്റിന്റെ വിജയം ശരാശരി പത്തുശതമാനം മാത്രമായിരുന്നു. ആകെ 150 മാർക്കിൽ 60 ശതമാനമായ 90 മാർക്കാണ് വിജയിക്കാൻ ആവശ്യം. എന്നാൽ, ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് പാസാകാൻ 50 ശതമാനം മാർക്ക് മതി.
2019 മാർച്ച് 31നകം കെ-ടെറ്റ് പാസായിരിക്കണമെന്ന സർക്കാർ നിബന്ധനയിൽ മാറ്റം വരുത്തിയില്ലെങ്കിൽ 2012 മുതൽ ജോലിയിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകർ പ്രതിസന്ധിയിലാവും.
പോൾ മാത്യു