കായംകുളം: അവധിക്കാലമായതിനാൽ നീന്തൽ വശമില്ലാത്ത കുട്ടികൾ വെള്ളത്തിൽ വീണ് മരണപ്പെടുന്ന സംഭവം വർധിച്ചതോടെ കായംകുളത്ത് ജലാശയങ്ങൾക്ക് സമീപം അഗ്നിശമന സേന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മനുഷ്യജീവൻ വിലപ്പെട്ടതാണ്, അതിനാൽ നീന്തൽ അറിയാത്തവരും മദ്യപിച്ചും ലഹരിമരുന്നുകൾ ഉപയോഗിച്ചും ജലാശയത്തിൽ ഒരു കാരണവശാലും ഇറങ്ങരുത്.
അവധിക്കാലമായതിനാൽ കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർക്ക് ശ്രദ്ധവേണം. അതിനാൽ ജലാശയത്തിൽ ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ എന്ന മുന്നറിയിപ്പ് ബോർഡുകളാണ് സ്ഥാപിച്ചത്. കായംകുളം നഗരാതിർത്തിയിൽ പുതിയിടം, എരുവ, പത്തിയൂർ എന്നീ ക്ഷേത്രകുളങ്ങൾക്ക് മുൻവശമാണ് കായംകുളം അഗ്നിശമന സേനാ സ്റ്റേഷൻ ഓഫീസർ വൈ ഷഫീഖ്, ഉദ്യോഗസ്ഥരായ സുധീഷ്, ഷാബി, അൻവിൻ, ഗ്ലെൻ ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ പൊതുജന ബോധവത്ക്കരണം ലക്ഷ്യമിട്ട് ബോർഡുകൾ സ്ഥാപിച്ചത്.
മുൻകാലങ്ങളിൽ നിരവധി മനുഷ്യജീവനുകൾ ഈ ക്ഷേത്ര കുളങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് അഗ്നിശമന സേന ബോർഡുകൾ സ്ഥാപിച്ചത്.