പലപ്പോഴും മാതാപിതാക്കളുടെ സ്ഥാനത്തു തന്നെ നിന്ന് വേണ്ടത് ചെയ്യുന്നവരാണ് സഹോദരങ്ങള്‍. ആണായാലും പെണ്ണായാലും മൂതിര്ന്നതായാലും ഇളയതായാലും അവിടെ പ്രസക്തിയില്ല, അവിടെ സ്നേഹത്തിന് മാത്രമാണ് പ്രാധാന്യം. ഇത്തരത്തില്‍ പിതാവിന്റെ സ്ഥാനത്തു നിന്ന് സഹോദരിമാരുടെ സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്ത ഒരു കൗമാരക്കാരന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന് സമ്പാദിച്ചത് 62,000 രൂപയാണ്. പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന് ശേഖരിച്ചത്. അതാണ് ഈ വലിയ സ്വപ്നം സാധ്യമാകാന്‍ കാരണവും. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ സ്വപ്നം.
രാജസ്ഥാനിലെ ജെയ്പൂറിലെ ഹോണ്ട ഷോറൂം വൈകിട്ട് അടയ്ക്കാന്‍ തുടങ്ങുമ്പോഴാണ് രണ്ടു ബാഗുകള്‍ നിറയെ കോയിനുകളുമായി യാഷ് എത്തിയത്. ഇത്രയും ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നറിയിച്ച് അധികൃതര്‍ ആദ്യം യാഷിനെ മടക്കി അയക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഇത് താന്‍ വര്‍ഷങ്ങള്‍കൊണ്ട് തന്റെ ചേച്ചിക്കായി സമ്പാദിച്ചതാണെന്നും ഈ സമ്പാദ്യത്തിനു പിന്നില്‍ സ്കൂട്ടര്‍ വാങ്ങണമെന്ന ചേച്ചിയുടെ മോഹമാണെന്നും അറിഞ്ഞതോടെ അധികൃതര്‍ സമ്മതിച്ചു. രണ്ടരമണിക്കൂര്‍ കൊണ്ടാണ് ഈ ചില്ലറകള്‍ എണ്ണിതിട്ടപ്പെടുത്തിയത്. അതുകൊണ്ടു തന്നെ രാത്രി വൈകിയാണ് അവര്‍ക്ക് ഷോറൂം അടയ്ക്കാന്‍ കഴിഞ്ഞത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.