തൃശൂർ: സാന്പിൾ വെടിക്കെട്ടിൽ തേക്കിൻകാടിന്റെ ആകാശത്തു ലൂസിഫറും മധുരരാജയും അമിട്ടിൽ വിരിയും. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സൂപ്പർഹിറ്റ് സിനിമകളുടെ പേരിൽ ആകാശത്തു വിരിയുന്ന അമിട്ടിന്റെ രഹസ്യം ഇരുകൂട്ടരും പുറത്തുപറയുന്നില്ല. നിറങ്ങളുടെ മാജിക്കായിരിക്കും ഇതിൽ കാണുകയെന്നാണ് സൂചന.
പഞ്ചവർണങ്ങൾ ഒളിപ്പിച്ച അമിട്ടും കൂട്ടത്തിലുണ്ടെന്നു പറയുന്നു. ആകാശത്തു പൊട്ടിവിരിഞ്ഞ് പാന്പു പുളയും പോലെ താഴേക്ക് പുളഞ്ഞിറങ്ങുന്ന പാന്പും കോണിയുമാണ് മറ്റൊരു ഇനം. പതിവിൽ കൂടുതൽ ഉയരത്തിൽ പോകുന്ന അമിട്ടിന് ഉയരെ എന്നാണ് വെടിക്കെട്ടുനിർമാതാക്കൾ പേരിട്ടിരിക്കുന്നത്. പതിവ് അമിട്ടുകളും ഉണ്ടാവും.
സ്വന്തം ലേഖകൻ
തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരം സാന്പിൾ വെടിക്കെട്ട് നാളെ. മഴഭീഷണിയുണ്ടെങ്കിലും സാന്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനിയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സാന്പിൾ വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ടിന്റെ തടസങ്ങളെല്ലാം നീങ്ങിയതോടെ തിരുവന്പാടി – പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ടൊരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ്.
ഇത്തവണ തിരുവന്പാടി വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക. തിരുവന്പാടിക്കുവേണ്ടി കുണ്ടന്നൂരിലെ പി.എം.സജിയാണ് വെടിക്കെട്ടൊരുക്കുന്നത്. സജി രണ്ടു തവണ തിരുവന്പാടിക്കുവേണ്ടി വെടിക്കെട്ടൊരുക്കിയിട്ടുണ്ട്.പാറമേക്കാവിനുവേണ്ടി കെ.എം.ശ്രീനിവാസനാണ് വെടിക്കെട്ട് ഒരുക്കുന്നത്. ഇതു മൂന്നാംതവണയാണ് ശ്രീനിവാസൻ പാറമേക്കാവിനായി കരിമരുന്നിന്റെ ഇന്ദ്രജാലം തീർക്കുന്നത്.
സാന്പിളിന് ഓലപ്പടക്കം പൊതുവേ ഉണ്ടാകാറില്ലെങ്കിലും സാന്പിൾ പ്രധാന വെടിക്കെട്ട് പോലെയാക്കാനായി ഇടയ്ക്ക് ഓലപ്പടക്കം ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ നിരോധനവും നിയന്ത്രണങ്ങളം നീക്കിയ സാഹചര്യത്തിൽ ഓലപ്പടക്കം സാന്പിളിൽ ഉൾപ്പെടുത്തുമോ എന്ന് അന്തിമ തീരുമാനമായിട്ടില്ല.തേക്കിൻകാട് മൈതാനിയിൽ സാന്പിൾ വെടിക്കെട്ടിന് കുഴികളൊരുക്കുന്നത് ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ഇരുവിഭാഗവും അമിട്ടിലും മറ്റും വ്യത്യസ്ത ഇനങ്ങൾ അവതരിപ്പിക്കാൻ തയാറായിക്കഴിഞ്ഞു.