കൊച്ചി: വൻകുടലിലെ കാൻസർ രോഗം യുവാക്കളിൽ വർധിക്കുന്നതായും പലരും കാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നതായും മുന്നറിയിപ്പു നൽകി കാൻസർ രോഗ ചികിത്സാ വിദഗ്ധർ. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരായ അരുണ്‍ വാര്യർ, കെ.പ്രകാശ് എന്നിവരാണ് മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ അഞ്ചു വർഷമായി രോഗികളെ വിലയിരുത്തിയതിൽനിന്നാണ് ഈ മുന്നറിയിപ്പ് നൽകുന്നതെന്നു ഡോ. അരുണ്‍ വാര്യർ പറയുന്നു. പലപ്പോഴും വളരെ വൈകിയാണു രോഗികൾ എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളുടെ ജീവിതരീതിയും ആഹാരക്രമവും ചുറ്റുപാടുകളും പൈതൃകവുമാണ് അവരെ കാൻസർ രോഗത്തിലേക്കു എത്തിക്കുന്നത്.
30 വയസിനും 40നും ഇടയിൽതന്നെ കാൻസർ ബാധിക്കുന്നു എന്ന ആപത്കരമായ അവസ്ഥയിലേക്കാണ് ഇപ്പോൾ കേരളത്തിലെ യുവാക്കൾ എത്തിപ്പെട്ടിട്ടുള്ളതെന്നത് അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.
വയറ്റിലുണ്ടാകുന്ന തുടർച്ചയായ അസ്വസ്ഥതകൾ അവഗണിക്കാതെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാകാൻ ശ്രദ്ധിക്കണമെന്നു ഡോ. അരുണ്‍ വാര്യർ അറിയിച്ചു. അമിത മദ്യപാനം , പുകവലി, പ്രായം, പാരന്പര്യം, അമിതവണ്ണം, കുടൽവീക്കം തുടങ്ങിയ ഘടകങ്ങളൊക്കെ ഇത്തരം കാൻസർ രോഗത്തിലേക്കു നയിക്കുന്നവയാണ്.