മണ്ണാർക്കാട്: കുടിവെള്ളമില്ലാത്ത കോളനികളിൽ മൂന്നുവർഷമായി സൗജന്യമായി വെള്ളമെത്തിച്ച് കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ്. കൊടുംവേനലിൽ പൊതുജന സമൂഹത്തിനായി ശുദ്ധജലമെത്തിച്ച് യുവ വ്യക്തിത്വങ്ങൾ നാടിന് മാതൃകയാകുന്നു.
കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് എന്ന മാനുപ്പയാണ് നഗര ഗ്രാമങ്ങളിലെ കോളനികൾ തോറും ജലവിതരണം നടത്തുന്നത്. ജീവിതമാർഗമെങ്കിലും വേനലിന്റെ ചൂടിൽ ദാഹനീരിനായി വലയുന്ന ജനങ്ങളുടെ പ്രശ്നംകണ്ട് മനസലിഞ്ഞതോടെയാണ് ഇത് സൗജന്യമായി വിതരണം ചെയ്യാൻ ഷാഹുൽ ഹമീദിന് ഉൾപ്രേരണയായത്.
മൂന്നുവർഷത്തോളമായി ഇദ്ദേഹം പുണ്യ പ്രവൃത്തിയിലേർപ്പെടുന്നു. കഴിഞ്ഞദിവസം എംഇഎസ് കോളേജ് പഴയ റോഡ് കോളനിയിലാണ് ജലമെത്തിച്ചത്. 15 കുടുംബങ്ങളിലായി നൂറോളം ജനങ്ങളാണ് ജലക്ഷാമത്തിൽനിന്ന് പരിഹാരം നേടിയത്. 5000 ലിറ്ററിന്റെ ടാങ്കർലോറിയിലാണ് ഷാഹുൽ ഹമീദ് ജനങ്ങൾക്ക് ശുദ്ധജലം സുലഭമാക്കുന്നത്.
തുടർന്ന് മണ്ണാർക്കാടും കോളനികളിൽ ജലവിതരണം നടത്തി. വീട്ടിലെ ടാങ്കുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ശുദ്ധജലത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത് ലഭ്യമാക്കുമെന്ന് ഷാഹുൽ ഹമീദ് അറിയിച്ചു.