പരിയാരം: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാനസികോല്ലാസത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിര്‍മിച്ച പാര്‍ക്കില്‍ ഇന്ന് വിഷപ്പാമ്പുകള്‍ മാത്രം. കാടുകയറി മൂടിയ ഇങ്ങോട്ട് ആരും തിരിഞ്ഞുനോക്കുന്നുപോലുമില്ല.
20 വര്‍ഷം മുമ്പാണ് ആശുപത്രിയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മഴവെള്ള സംഭരണിക്ക് സമീപം അരയേക്കര്‍ സ്ഥലത്ത് രണ്ട് കിണറുകളും പതിനഞ്ചിലേറെ ഇരിപ്പിടങ്ങളും മനോഹരമായ പൂന്തോട്ടവും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ക്ക് സ്ഥാപിച്ചത്.
അന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് നട്ട ചെടികളെയും പാര്‍ക്കിനെയും പരിപാലിക്കാനും സംരക്ഷിക്കാനും ഒരു ജീവനക്കാരനുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വിരമിച്ചശേഷം സംരക്ഷണം ഇല്ലാതായതോടെയാണ് പൂന്തോട്ടം കാടുമൂടിയത്. ഒരു കാലത്ത് രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളജ് പരിസരത്തുള്ളവരും ഉല്ലാസത്തിനെത്തിയിരുന്ന പാര്‍ക്ക് ഇത്തരത്തില്‍ ആരും തിരിഞ്ഞു നോക്കാതായിട്ട് വര്‍ഷങ്ങളായി.
ഈ പരിസരത്ത് വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പാർക്കിന്റെ നവീകരണം നടക്കുമെന്നാണ് പ്രതീക്ഷ. ആശുപത്രി വികസനത്തിനുള്ള 500 കോടിയുടെ മാസ്റ്റര്‍പ്ലാനില്‍ സൗന്ദര്യവല്‍ക്കരണത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്.