കുറവിലങ്ങാട്: കതിർമണ്ഡപത്തിലേക്ക് വധു എത്തിയത് ഓട്ടോറിക്ഷയിൽ. വധുവിന് അകന്പടിയെന്നോണം ബന്ധുക്കളും സുഹൃത്തുക്കളുമായി മുപ്പതോളം ഓട്ടോറിക്ഷകളിൽ ആളുകളുമെത്തി. കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിലാണ് ഓട്ടോറിക്ഷകൾ താരമായത്.
ഉഴവൂർ പെരുന്താനം മാമലയിൽ മോഹനൻനായരുടെയും ലീലാമണിയുടെയും മകൾ മഹിമയുടെ വിവാഹമാണ് ഓട്ടോറിക്ഷയിലെ താരസാന്നിധ്യത്താൽ ശ്രദ്ധ നേടിയത്. മഹിമയും ബന്ധുക്കളും ഓട്ടോറിക്ഷയിലാണ് വിവാഹവേദിയിലേക്കെത്തിയത്.
വധു മഹിമ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചാണ് കതിർമണ്ഡപത്തിനു സമീപം വരെ എത്തിയതെന്നത് വിവാഹത്തിനെത്തിയവർക്കും കൗതുകമായി. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മോഹനൻനായരിൽനിന്നുണ്ടായ ആവേശമാണ് മഹിമയെ വേറിട്ട രീതിയിൽ വിവാഹവേദിയിലേക്കെത്താൻ സാധിച്ചത്. പട്ടാന്പി കൊപ്പം പ്രേംനിവാസിൽ സൂരജാണ് മഹിമയ്ക്കു മിന്നുചാർത്തി ജീവിതപങ്കാളിയാക്കിയത്.
വ്യാഴാഴ്ച രണ്ടാം വർഷ ബിഎഡ് പരീക്ഷയെഴുതിയ മഹിമ ഇന്നലെ ഓട്ടോയിൽ സഞ്ചരിച്ച് ദാന്പത്യജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് പെരുന്താനത്തെ വധൂഗൃഹത്തിലേക്കും ഓട്ടോയിൽ പോയ നവദന്പതികൾ ശനിയാഴ്ച പട്ടാന്പിയിലെ വരന്റെ വീട്ടിലേക്കുള്ള യാത്രയും ഓട്ടോയിലാണ് പോവുക.