തൊടുപുഴ: ക്രൂര മർദനമേറ്റ് ഏഴു വയസുകാരൻ അബോധാവസ്ഥയിലായപ്പോൾ കുട്ടി അഭിനയിക്കുകയാണെന്നു പ്രതി അരുണ്‍ ആനന്ദ് ലാഘവത്തോടെ പ്രതികരിച്ചെന്നു കുട്ടിയുടെ അമ്മ.
മകനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടപ്പോഴാണു പ്രതി ഇങ്ങനെ പറഞ്ഞതെന്ന് അമ്മ പോലീസിനു മൊഴി നൽകി. പ്രതിയുടെ ക്രൂരമർദനത്തെതുടർന്ന് കുട്ടി അനക്കമില്ലാതായതോടെയാണ് ആശുപത്രിയിൽ കൊണ്ടു പോകണമെന്ന് അമ്മ ആവശ്യപ്പെട്ടത്.
എന്നാൽ, കുട്ടിയുടെ അഭിനയമാണെന്നു പറഞ്ഞ അരുണ്‍ ആനന്ദ് ആശുപത്രി അധികൃതരോടും പോലീസിനോടും തർക്കിച്ചു ചികിത്സ വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയതാണ് കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു.
അമ്മയെ ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. നിർവികാരതയോടെയാണ് യുവതി പോലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.