പത്തനംതിട്ട: മാർത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ജീവിതത്തെ ആധാരമാക്കി സംവിധായകൻ ബ്ലെസി നിർമിച്ച ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിക്കു ലോക അംഗീകാരം.
മാർ ക്രിസോസ്റ്റത്തിന്റെ ജീവിതവും ചിന്തകളും നർമങ്ങളും കോർത്തിണക്കി തയാറാക്കിയ 48 മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുളള ഡോക്യുമെന്ററി ലോകത്തെ ഏറ്റവും ദൈർഘ്യമുളള ഡോക്യുമെന്ററി ഫിലിം എന്ന നിലയിലാണ് ഗിന്നസ് ബുക്കിൽ ഇടം തേടുന്നത്. 21 മണിക്കൂർ ദൈർഘ്യമുളള ഡോക്യുമെന്ററിയുടെ റിക്കാർഡിനെയാണ് മറികടന്നത്.
ഇന്ത്യയിലെ ക്രിസ്തീയ സഭയുടെ ചരിത്രം, ക്രിസോസ്റ്റം ജനിച്ച കുന്പനാട് അടങ്ങപ്പുറം കുടുംബത്തിന്റെ ആരംഭകാലം, ധർമിഷ്ഠൻ മുതൽ പത്മഭൂഷണ് മാർ ക്രിസോസ്റ്റംവരെ എത്തിയ നൂറ് വർഷത്തെ അനുഭവങ്ങൾ, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച മാർ ക്രിസോസ്റ്റത്തിന്റെ ചിന്തകൾ തുടങ്ങിയവ ഡോക്യുമെന്ററിയിലുണ്ട്.
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എൽ.കെ. അദ്വാനി, മുഖ്യമന്ത്രി പിണറായി വിജയൻ, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്ര ലോകത്തെ പ്രമുഖർ, സാംസ്കാരിക നേതാക്കൾ തുടങ്ങിയ പ്രശസ്തരും സാധാരണക്കാരും തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിലെ 100 പേരുമായി മാർ ക്രിസോസ്റ്റം ആശയങ്ങൾ പങ്കുവയ്ക്കുന്നതും ഇതിന്റെ ഭാഗമായി. സംസ്ഥാനത്തെ പത്ത് കാരിക്കേച്ചർ കാർട്ടൂണിസ്റ്റുകളുമായുളള സംഭാഷണങ്ങളും ഉൾപ്പെടുത്തി.
നാലുവർഷത്തെ ശ്രമകരമായ ദൗത്യമാണ് പൂർത്തിയാക്കുന്നതെന്നു ബ്ലെസി പത്രസമ്മേളനത്തിൽ പറഞ്ഞു. മെത്രാപ്പോലീത്തയ്ക്ക് 98 വയസുള്ളപ്പോളാണ് ഷൂട്ടിംഗ് ആരംഭിച്ചത്. പ്രായത്തെ മറന്ന നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ഡോക്യുമെന്ററിക്കുവേണ്ടി തന്റെ ആശയങ്ങൾ അവതരിപ്പിക്കുകയും സംഭാഷണങ്ങൾ നടത്തുകയും ചെയ്തു.
ഡോക്യുമെന്ററി അടുത്ത മാസം റിലീസ് ചെയ്യും. സെൻസർ ബോർഡ് ഓഫ് ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ ഡോക്യുമെന്ററി സെൻസർ ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു. ഏഴു ദിവസം തുടർച്ചയായി കണ്ടു തീർത്താണ് ഡോക്യുമെന്ററിക്ക് യു സർട്ടിഫിക്കറ്റ് നൽകിയത്. തിരുവല്ലയിൽ പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററിക്കു ശബ്ദം നൽകിയത് മോഹൻലാലാണ്.