തിരുവനന്തപുരം: ദേശീയ മൈം ഫെസ്റ്റിവലിന് ഭാരത് ഭവനില്‍ വര്‍ണാഭമായ തുടക്കം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ദേശീയ മൈം ഫെസ്റ്റിവല്‍ “എക്കോസ് ഓഫ് സൈലന്‍സ്’ സാംസ്കാരിക മന്ത്രി എ. കെ. ബാലന് ഭാരത് ഭവന് ഓപ്പണ്‍ എയര്‍ തിയറ്ററിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളില്‍ മൈമിന് വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.
മനുഷ്യരെ പലതിന്റെയും പേരില്‍ വിഭജിക്കാനുള്ള നീക്കങ്ങള്‍ ചുറ്റും നടക്കുമ്പോള്‍ ഭാഷയെപ്പോലും അപ്രസക്തമാക്കുന്ന തരത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തിയാണ് മൈം എന്ന കലാരൂപമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചെകിടടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നിശബ്ദമായി പകരാന്‍ മൂകാഭിനയത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂര്‍, കേരള യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു, ഭാരത് ഭവന് എക്സിക്യൂട്ടീവ് അംഗങ്ങളായ മനോഹര്‍ കേഷ്കര്‍, റോബിന് സേവ്യര്‍, അബ്രദിതാ ബാനര്‍ജി എന്നിവർ പ്രസംഗിച്ചു. ചടങ്ങില്‍ പ്രമുഖ മൈം കലാകാരന്മാരായ നിരഞ്ജന് ഗോസ്വാമി, ഡോ. വൈ. സദാനന്ദ സിംഗ്, വിലാസ് ജാന്വേ എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ മൂകാഭിനയ കുലപതി പത്മശ്രീ നിരഞ്ജന് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മൈം തിയറ്ററിന്റെ അംബ്രല്ലയും, അസന്‍സോളിലെ പ്രമുഖ മൈം കലാകാരനായ കല്പതരു ഗുഹയുടെ സോളോ മൈം അവതരണവും അരങ്ങേറി.
ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്നും നാളെയുമായി നടക്കുന്ന മൈം ശില്‍പ്പശാലയില്‍ നാഷണല്‍ മൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിരഞ്ജന് ഗോസ്വാമി, ഡോ. സദാനന്ദ സിംഗ് എന്നിവര്‍ മൈം ആന്‍ഡ് ബോഡി ലാന്‍ഗേജ് എന്ന വിഷയത്തിലും പ്രമോദ് പയ്യന്നൂര്‍ തിയറ്റര്‍ ആന്‍ഡ് വിഷ്വല്‍ മീഡിയ എന്ന വിഷയത്തിലും ശ്രീകുമാര്‍ നോണ്‍ വെര്‍ബല്‍ ആക്ട് എന്ന വിഷയത്തിലും പീശപ്പിള്ളി രാജീവന് കഥകളിയിലും ഡോ. ഗൗതം ആയോധന കലയിലും പ്രായോഗിക ക്ലാസുകള്‍ നല്‍കും.