പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്കു പണിതു നൽകുന്ന 134 -ാമത് വീട് വെണ്ണിക്കുളം കക്കുടിയിൽ മേരിക്കുട്ടിക്കും കുടുംബത്തിനും. മഹാപ്രളയത്തിൽ വീടു നഷ്ടപ്പെട്ട മേരിക്കുട്ടിയും ഭർത്താവും മാനസികാസ്വാസ്ഥ്യമുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം നിസഹായവസ്ഥയിലായിരുന്നു. വീടു നഷ്ടപ്പെട്ട കുടുംബത്തിന്റെ അവസ്ഥ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് റെനി സനലാണ് സുനിൽ ടീച്ചറുടെ ശ്രദ്ധയിൽപെടുത്തിയത്.
വിദേശ മലയാളിയായ ആഗ്നസിന്റെ സഹായത്താലാണ് വീടു നിർമിച്ചത്. മൂന്ന് മുറികളും സിറ്റൗട്ടും അടങ്ങിയതാണ് വീട്. പ്രളയബാധിതർക്കുള്ള 13 -ാമത്തെ വീടാണ് ടീച്ചറുടെ സഹായത്തിൽ നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സിറിയക് മറ്റം നിർവഹിച്ചു. റെനി സനൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാർ, കെ.പി. ജയലാൽ, ടി.കെ. സനൽകുമാർ, ഡോ.ജോയി തോമസ്, ജോയി പുളിന്താനം, ജോർജ് പി. വർഗീസ്, ശോഭ സുനിൽ, നന്ദകുമാർ, തോമസ് എന്നിവർ പ്രസംഗിച്ചു.