ന്യൂഡൽഹി: ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നിലെ “രഹസ്യം’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരിയിൽ ഇന്ത്യൻ സേന ബാലാകോട്ട് ആക്രമണം നടത്തിയതിനു പിന്നിൽ തന്റെ നിർദേശങ്ങളായിരുന്നെന്നു മോദി അവകാശപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച് വിദഗ്ധർക്ക് ആശങ്കകളുണ്ടായിരുന്നെന്നും എന്നാൽ ഈ കാലാവസ്ഥയിൽ പാക്കിസ്ഥാന്റെ റഡാറുകളെ കബളിപ്പിക്കാൻ പറ്റുമെന്നു താനാണു സൈനിക വിദഗ്ധരോടു പറഞ്ഞതെന്നും മോദി ഒരു അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് ഈ ശാസ്ത്രം അറിയില്ല എന്നു പറഞ്ഞായിരുന്നു മോദി ആരംഭിച്ചത്. ആക്രമണം നടത്താൻ നിശ്ചയിച്ചിരുന്ന ആ ദിവസം 9-9.30 സമയത്ത് താൻ സജ്ജീകരണങ്ങൾ വിലയിരുത്തി. 12 മണിക്ക് വീണ്ടും പരിശോധിച്ചു. അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്തിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. ഈ കാലാവസ്ഥയിൽ എന്തു ചെയ്യുമെന്ന് വിദഗ്ധർ ആശങ്കപ്പെട്ടു. വ്യോമാക്രമണം മാറ്റാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
എന്നാൽ തന്റെ മനസിൽ രണ്ടു കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് രഹസ്യാത്മകത. രണ്ട് താൻ ഈ ശാസ്ത്രം അറിയുന്ന ആളല്ല. എന്നാൽ ഈ മേഘങ്ങളും മഴയും നമുക്ക് ഗുണം ചെയ്യുമെന്ന് എനിക്കു തോന്നി. ഇന്ത്യൻ വിമാനങ്ങളെ റഡാറിൽനിന്നു മറയ്ക്കാൻ അപ്പോഴുണ്ടായിരുന്ന മേഘങ്ങൾക്ക് സാധിക്കുമെന്നായിരുന്നു തന്റെ തോന്നൽ. എല്ലാവർക്കും എന്തു ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. ഒടുവിൽ താൻ പറഞ്ഞു. കുഴപ്പമില്ല, മേഘങ്ങളുണ്ട്. നമുക്ക് ആരംഭിക്കാം എന്ന്. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയിൽ ആക്രമണത്തിന് തീരുമാനിക്കുന്നത് എന്നായിരുന്നു ന്യൂസ് നേഷൻ എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞത്.
മോദിയുടെ പരാമർശം ബിജെപി ഒൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. എന്നാൽ മോദിയുടെ പരാമർശങ്ങളിൽ വൻതോതിൽ പരിഹാസമുയർന്നു. വൻ സൈനിക നീക്കങ്ങൾ ഇത്തരത്തിലുള്ള അനുമാനങ്ങളുടെ പിൻബലത്തിലാണോ നടത്തുന്നതെന്നു ചോദ്യങ്ങൾ ഉയർന്നു. റഡാറുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാൻ ഇവിടെ ആരുമില്ലേ എന്നും ചോദ്യങ്ങളുയർന്നു.
ഇതോടെ ബിജെപി ട്വീറ്റ് മുക്കി. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകളും വീഡിയോയും വൻ തോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യഥാർഥത്തിൽ മേഘങ്ങളെ മറികടന്ന് നിരീക്ഷണത്തിനു സാധിക്കുമെന്നാണ് റഡാറുകളുടെ പ്രത്യേകത. റഡാറുകൾക്ക് ഏതു കാലാവസ്ഥ എന്നു പ്രശ്നമല്ല. ശാസ്ത്ര സാങ്കേിക വിദഗ്ധരും ഇതിനെ പിന്തുണയ്ക്കുന്നു. വസ്തുത ഇതായിരിക്കെയാണ് മേഘങ്ങൾ റഡാറുകളുടെ കണ്ണുവെട്ടിക്കാൻ സഹായിക്കുമെന്ന് മോദി സൈന്യത്തെ ഉപദേശിക്കുന്നത്.
It’s this kind of ‘raw wisdom’ that gave this country demonetization pic.twitter.com/iDPlKz0KGy
— The DeshBhakt (@akashbanerjee) May 11, 2019