തൃശൂർ: തൃശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടന്പേറ്റി. തുടർച്ചയായ ആറാം വർഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടന്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തിയത്. വൻ ജനക്കൂട്ടമാണ് രാമചന്ദ്രന്റെ വരവിനായി കാത്തുനിന്നത്. രാമൻ തെക്കേ ഗോപുര നട തള്ളിത്തുറക്കുകയും ചെയ്തു.
പൂര ചടങ്ങിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെയാണ് ആനയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. രാവിലെ 9.30 മുതൽ 10.30 വരെ എഴുന്നള്ളിക്കാനാണ് അനുമതി. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയും ക്ഷേത്രപരിസരത്തെ ചടങ്ങിനും മാത്രമേ ആനയെ എഴുന്നള്ളിക്കാൻ അനുമതിയുള്ളൂവെന്നു കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ പത്ത് മീറ്റർ ചുറ്റളവിലാണു ബാരിക്കേഡുകൾ സ്ഥാപിക്കുക. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ല.