മുക്കം: ഹയർ സെക്കൻഡറി പരീക്ഷയിൽ ആൾമാറാട്ടം നടത്തി അധ്യാപകൻ വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുള്ളതായി സൂചന. കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ നിഷാദ് വി. മുഹമ്മദ് ഇംഗ്ലീഷ് പരീക്ഷയാണ് വിദ്യാർഥികൾക്കായി എഴുതിയത്. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. ഉത്തരങ്ങളെല്ലാം കൃത്യമായി എഴുതിയതായി ഹയർ സെക്കൻഡറി വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് അധ്യാപകരുടെയും പങ്ക് സംശയിക്കുന്നത്.
മാത്രമല്ല വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം ലഭിക്കുന്ന ചോദ്യപേപ്പർ എങ്ങനെ ഓഫീസ്മുറിയിലിരുന്ന് പരീക്ഷ എഴുതിയ അധ്യാപകന് അധികമായി ലഭിച്ചു എന്നതും സംശയകരമാണ്.
മറ്റൊരു അധ്യാപകൻ വാട്സാപ് വഴി ഉത്തരങ്ങൾ നിഷാദ് വി. മുഹമ്മദിന് കൈമാറിയെന്നും ഇതനുസരിച്ച് പരീക്ഷ എഴുതുകയുമായിരുന്നു എന്നാണ് സൂചന. മറ്റ് ചില അധ്യാപകരും ഇതിന് കൂട്ടുനിന്നതായും സംശയമുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പ് പരാതി പോലീസിന് കൈമാറുന്ന മുറയ്ക്ക് തുടർ നടപടികളും ഉണ്ടാവും.
അറിവോടെയല്ല: വിദ്യാർഥികൾ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ അധ്യാപകർക്കെതിരേ ഫലം തടഞ്ഞുവച്ച വിദ്യാർഥികൾ രംഗത്ത്. തങ്ങൾ അറിയാതെയാണ് അധ്യാപകർ പരീക്ഷ എഴുതിയതെന്ന് ഫലം തടഞ്ഞുവയ്ക്കപ്പെട്ട മുക്കം നഗരസഭയിലെ മുത്തേരി സ്വദേശിയായ വിദ്യാർഥിയും കൊടിയത്തൂർ സ്വദേശിയായ വിദ്യാർഥിനിയും പറഞ്ഞു.
ഒന്നാം വർഷം ഇംഗ്ലീഷിന് അല്പം പ്രയാസം നേരിട്ടിരുന്നു. എന്നാൽ പ്ലസ് ടു പരീക്ഷ ആയപ്പോഴേക്കും പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണന്നും നല്ല മാർക്കോടെ വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നതായും ഇവർ പറഞ്ഞു. ഇത്തരമൊരു കള്ളക്കളി നടന്നത് കഴിഞ്ഞ ദിവസം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
പരീക്ഷാഫലം വന്ന ദിവസം അധ്യാപകരെ ബന്ധപ്പെട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാണെന്നും രണ്ട് ദിവസത്തിനകം ഫലം വരുമെന്നുമാണ് പറഞ്ഞത്. വീണ്ടും പരീക്ഷ എഴുതുക വലിയ ബുദ്ധിമുട്ടാണ്. തങ്ങൾ ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ക്രൂശിക്കപ്പെടുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.