കോട്ടയം: പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോൾ ഒരു പൂവൻകോഴിക്കു വില ഒരു ലക്ഷത്തി പതിനായിരം രൂപ.
കോട്ടയം നട്ടാശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് ആദ്യത്തെ കോഴിക്ക് ഒരു ലക്ഷത്തിനു മുകളിൽ വില വന്നത്. കോട്ടയം സ്വദേശിയും കോയന്പത്തൂരിൽ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണു കോഴി ലേലത്തിൽ പിടിച്ചത്. ലേലത്തിൽ ആദ്യത്തെ കോഴിക്കു പൊന്നുംകോഴിയെന്ന പേരിലാണു ലേലം നടക്കുന്നത്. മറ്റു കോഴികൾക്ക് 10,000 രൂപയും 5000 രൂപയ്ക്കും വരെ ലേലം നടന്നതായി പള്ളി പള്ളി അനിൽ കെ. കുര്യൻ നെച്ചിക്കാട്ട് പറഞ്ഞു.
മുൻ വർഷങ്ങളിലും ഉയർന്ന വിലയ്ക്കു ലേലം നടന്നിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തിനു മുകളിൽ വില ഉയരുന്നത് ആദ്യമാണെന്നു പള്ളി സെക്രട്ടറി ഷിജു ഏബ്രഹാം ചിറയിൽ പറഞ്ഞു.