കൂത്തുപറമ്പ്(കണ്ണൂർ): ഇറച്ചിക്കടയിലെ കോഴികൾക്ക് സാധാരണ അധിക ദിവസം ആയുസ് ഉണ്ടാകാറില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ ആവശ്യക്കാരുടെ കറിച്ചട്ടിയിലെത്താറാണ് പതിവ്. എന്നാൽ വെട്ടുകത്തിക്ക് മുന്നിൽ മരണത്തിന് കീഴടങ്ങണമെന്ന തലവിധി അതിജീവിച്ച ഒരു കോഴിയുണ്ട് വേങ്ങാട്ടെ ഒരു ചിക്കൻ സ്റ്റാളിൽ. ടി. അനിൽകുമാറിന്റെ എം.പി.കെ. ചിക്കൻ സ്റ്റാളിൽ ഇറച്ചിക്കായി എത്തിച്ച ഒരു പൂവൻ കോഴിയാണ് സ്നേഹം കൊണ്ട് കടയുടമയെ വശത്താക്കി ഇവിടെ രാജാവായി വാഴുന്നത്.
മൂന്നു മാസം മുമ്പായിരുന്നു ഊർപ്പള്ളിയിലെ ഒരു വീട്ടിൽ നിന്നും ഈ പൂവൻ ഉൾപ്പെടെ ഏഴു കോഴികളെ വില്പനക്കായി അനിൽകുമാർ സ്റ്റാളിലെത്തിച്ചത്. ആവശ്യക്കാർ എത്തിയതോടെ ഇവയിൽ ഓരോന്നും വിറ്റു പോയി. എന്നാൽ ഈ പൂവൻകോഴി അനിൽകുമാറിനോട് വല്ലാതൊരു അടുപ്പം കാണിച്ചുതുടങ്ങിയതോടെയാണ് ഇതിനെ ഇറച്ചിയാക്കി വിൽക്കാതെ കടയിൽ തന്നെ നിർത്തിയത്.
കൂട്ടിൽ നിന്നും ഓരോ കോഴിയേയും അറക്കാൻ കൊണ്ടുവരുമ്പോൾ അനിൽകുമാറിന്റെ പിന്നാലെ ഇവനെത്തും. ഇറച്ചിവെട്ടിക്കഴിയുന്നതുവരെ അവിടെ തന്നെ നിൽക്കും. കൂട്ടിലാക്കിയില്ലെങ്കിലും കടവിട്ട് പോവുകയുമില്ല.
മറ്റു കോഴികൾക്കൊപ്പം കൂട്ടിലാണെങ്കിൽ എല്ലാവരിലും തന്റെയൊരു കണ്ണുണ്ട് കേട്ടോ എന്ന മട്ടിലാണ് നടത്തം. കോഴികളുടെ അറവുമാലിന്യങ്ങളാണ് ഇവന്റെ ഇഷ്ട ഭക്ഷണം. ഇവന്റെ ഈ സവിശേഷത കണ്ടറിഞ്ഞ പലരും കോഴിയെ ആവശ്യപ്പെട്ട് വരാറുണ്ടെന്ന് അനിൽകുമാർ പറഞ്ഞു. എന്നാൽ ഇവനെ വിൽക്കാൻ അനിൽകുമാർ തയാറുമല്ല.