കൊളംബോ: ഹണിമൂണ്‍ ആഘോഷിക്കാൻ ലണ്ടനിൽനിന്നു ശ്രീലങ്കയിൽ എത്തിയ യുവതി ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ഇന്ത്യൻ വംശജനായ ഖിലാൻ ചന്ദാരിയയുടെ ഭാര്യ ഉഷേല പട്ടേലാണു മരിച്ചത്. ഇതേതുടർന്ന് ചന്ദാരിയയെ രാജ്യംവിടുന്നതിൽനിന്ന് ശ്രീലങ്കൻ അധികൃതർ വിലക്കി.
ഏപ്രിൽ 19-നായിരുന്നു നോർത്ത് വെസ്റ്റ് ലണ്ടനിലെ ഫോണ്‍ കടയുടെ ഉടമയായ ചന്ദാരിയയും ഉഷേലയും തമ്മിലുള്ള വിവാഹം. നാലു ദിവസത്തിനുശേഷം ഇവർ ഹണിമൂണ്‍ ആഘോഷിക്കാൻ ലങ്കയിലേക്കു പറന്നു. ലങ്കയിൽനിന്നു മാലിദ്വീപിലേക്കു പോകാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നത്.
ഗാലെയിലെ ആഡംബര ബീച്ച് റിസോർട്ടിലാണ് ദന്പതികൾ താമസിച്ചിരുന്നത്. 25-ന് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതിനുശേഷം ഇരുവരും രക്തം ഛർദിച്ചു. ഇവർ അറിയിച്ചതനുസരിച്ച് ഹോട്ടൽ അധികൃതർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉഷേല മരിച്ചതായി 25-ന് സ്ഥിരീകരിച്ചു.
ഛർദിയെ തുടർന്നുണ്ടായ നിർജലീകരണമാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെളിപ്പെട്ടതായി ചന്ദാരിയ പറയുന്നു. എന്നാൽ തങ്ങളുടെ ഭക്ഷണത്തിനു പ്രശ്നമില്ലെന്ന് ബീച്ച് റിസോർട്ട് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ രാജ്യം വിടുന്നതിൽനിന്ന് ചന്ദാരിയയെ അധികൃതർ വിലക്കുകയായിരുന്നു.