കോലഞ്ചേരി: ചൂണ്ടി-പുത്തൻകുരിശ് റൂട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫർണിച്ചർ കടയിൽനിന്ന് മൊബൈൽ ഫോണും പണമടങ്ങുന്ന പഴ്സും മോഷ്ടിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 3.50നും 4.15നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.
ഷർട്ടും മുണ്ടും ധരിച്ച് ഏകദേശം 35-40 വയസ് പ്രായം തോന്നിക്കുന്ന മോഷ്ടാവാണ് ഫർണിച്ചർ കടയിലെത്തി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓമ്നി വാനിൽനിന്ന് മൊബൈൽ ഫോണും പണവും മോഷ്ടിച്ചത്. സിസിടിവി കാമറയിൽനിന്ന് മോഷണം തിരിച്ചറിഞ്ഞ കടയിലെ ജീവനക്കാർ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി കോലഞ്ചേരിയിലെത്തി അന്വേഷണം നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കോളജിനോട് ചേർന്നുള്ള ബിൽഡിംഗിന്റെ വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതിന്റെ അടിയിൽനിന്ന് മൊബൈൽ ഫോണും കാലിയാക്കിയ പഴ്സും ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ മോഷ്ടാവ് ഇന്നലെ രാത്രി കോലഞ്ചേരിയുടെ പല സ്ഥലങ്ങളിലായി തങ്ങിയതായാണ് മനസിലാക്കുന്നത്. പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരികയാണ്.