ഘാട്ടൽ: പോളിംഗ് ബൂത്തിനരികെ പൊട്ടിക്കരഞ്ഞ് ബംഗാളിലെ ബിജെപി സ്ഥാനാർഥി. മുൻ ഐപിഎസ് ഉദ്യോഗസ്ഥയും മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തയുമായിരുന്ന ഭാരതി ഘോഷാണ് തനിക്കുനേരെ കൈയേറ്റമുണ്ടായതിനെ തുടർന്ന് പൊട്ടിക്കരഞ്ഞത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കവെ ഉണ്ടായ കൈയേറ്റത്തിൽ സ്ഥാനാർഥി നിലത്തുവീണു. ബംഗാളിലെ ഘാട്ടലിൽനിന്നുള്ള സ്ഥാനാർഥിയാണ് ഭാരതി ഘോഷ്.
ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രവർത്തകരാണ് ഞായറാഴ്ച രാവിലെ ഘാട്ടലിലെ കേശ്പൂരിൽവച്ച് ഭാരതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതേതുടർന്ന് അവർ ഒരു ക്ഷേത്രത്തിൽ അഭയം തേടി.
കേശ്പുർ ഇപ്പോൾ മറ്റൊരു കാഷ്മീരാണെന്നും അക്രമാസക്തരായ ജനക്കൂട്ടത്തിനു മുന്നിൽവച്ച് തന്നോടു കാറിൽനിന്നു പുറത്തിറങ്ങാൻ പോലീസ് ആവശ്യപ്പെട്ടെന്നും ഭാരതി ഘോഷ് ആരോപിക്കുന്നു. താൻ കൊല്ലപ്പെടണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഞായറാഴ്ച രാവിലെ, പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂൽ കോണ്‍ഗ്രസ് വനിതാ പ്രവർത്തകർ പുറത്താക്കുകയായിരുന്നു. അവിടെനിന്നു മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കു പോയ ഭാരതി ഘോഷിനെ അവിടെനിന്നും തൃണമൂലുകാർ പുറത്താക്കി.
അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം പോളിംഗ് ബൂത്തിൽ കയറി മൊബൈൽ ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാൻ ഭാരതി ഘോഷ് ശ്രമിച്ചുവെന്ന തൃണമൂൽ കോണ്‍ഗ്രസിന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.