ന്യൂഡൽഹി: തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിപക്ഷപാർട്ടികളുടെ സംയുക്ത യോഗത്തിൽനിന്നും ഒഴിഞ്ഞുമാറി മമതാ ബാനർജിയും മായാവതിയും അഖിലേഷ് യാദവും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരേണ്ടതിന്റെ ആവശ്യമില്ലെന്നാണ് മൂന്നു നേതാക്കളും നിലപാട് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബംഗാളിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കണമെന്ന ആവശ്യപ്പെടാനായിരുന്നു ചന്ദ്രബാബു നായിഡു മമതയെ സന്ദർശിച്ചത്. എന്നാൽ മമതയിൽനിന്നും നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതിയും അതേ അഭിപ്രായമാണ് പങ്കുവച്ചത്.
പ്രിപക്ഷത്തിനു അനകൂലമായ തെരഞ്ഞെടുപ്പു ഫലം ഉണ്ടായാൽ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചർച്ച ഒഴിവാക്കാനാണ് മൂവരും യോഗത്തിൽനിന്നും മാറിനിൽക്കുന്നതായാണ് വിവരം. പ്രതിപക്ഷ ഐക്യം സൂക്ഷിക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും അടുത്ത പ്രധാനമന്ത്രിയെ സംബന്ധിച്ച ചോദ്യങ്ങളിൽനിന്നും ഇവർ അകലം പാലിക്കുകയാണ്.
നിലവിൽ മായാവതിക്കും മമതയ്ക്കും പ്രധാനമന്ത്രി പദത്തിൽ നോട്ടമുണ്ട്. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് ഇതിനകം സഖ്യകക്ഷികളിൽ ചിലർ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളാണ് രാഹുലിന്റെ പേര് നിർദേശിച്ചിരിക്കുന്നത്.
എന്നാൽ മമതയും മായാവതിയും ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യത്തിലുണ്ടെങ്കിലും അവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തങ്ങളുടെ സഖ്യത്തിൽനിന്നും അകറ്റിനിർത്തുകയാണ് ചെയ്തിരിക്കുന്നത്. മായാവതി കോൺഗ്രസിനെതിരെ ശക്തമായ വിമർശമാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെതിരെ മായാവതി കടുത്ത വാക്പോരാണ് നടത്തുന്നത്.
രാജസ്ഥാനിലെ അശോക് ഖലോട്ട് സർക്കാരിനെതിരെയും മായാവതി ശക്തമായ വിമർശമാണ് ഉയർത്തുന്നത്. ആൽവാറിലെ പീഡനക്കേസുമായി ബന്ധപ്പെട്ടാണ് മായാവതി സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തിയത്. സുപ്രീംകോടതി രാജസ്ഥാൻ സർക്കാരിനെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം അവർ ആവശ്യപ്പെട്ടിരുന്നു.
മുപ്പതുവർഷമായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വെറ്ററൻ മമതയ്ക്കും പ്രധാനമന്ത്രിക്കസേരിയിൽ കണ്ണുണ്ടെങ്കിലും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ അവരുടെ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ഒരുമുഴംമുമ്പെ എറിഞ്ഞുകഴിഞ്ഞു. പ്രധാനമന്ത്രിയാവാൻ മമതയും യോഗ്യയാണെന്നാണ് അവരുടെ പക്ഷം.