ഹൈദരാബാദ്: ഒരു ക്രിക്കറ്റ് ഫൈനലിന്റെ എല്ലാ ആവേശവും അവസാന പന്തു വരെ നിലനിര്‍ത്തുന്നതായിരുന്നു ഐപിഎലിലെ ക്ലാസിക് മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനല്‍. അവസാന പന്തില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്ന രണ്ടു റണ്‍സ് വിട്ടുകൊടുക്കാതെ ലസിത് മലിംഗ വിക്കറ്റ് വീഴ്ത്തിയതോടെ മുംബൈ ഐപിഎലിലെ നാലാം കിരീടത്തില്‍ മുത്തമിട്ടു.
16-ാം ഓവറില്‍ വഴങ്ങിയ 20 റണ്‍സിന്റെ എല്ലാ കുറവും ലസിത് മലിംഗ അവസാന ഓവറില്‍ തീര്‍ത്തു. അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ്. എന്നാല്‍ മലിംഗ വഴങ്ങിയത് ഏഴു റണ്‍സ്. ആ ഓവറില്‍ രണ്ടു വിക്കറ്റും നഷ്ടമായി.
ഷെയ്ന് വാടസണും അവസാന പന്തില്‍ ശാര്‍ദുല്‍ ഠാക്കൂറും പുറത്തായി. മുംബൈ ഒരു റണ്‍ ജയവും സ്വന്തമാക്കി. ഈ സീസണില്‍ നാലാം തവണയാണ് ചെന്നൈ മുംബൈ ഇന്ത്യസിനോട് കീഴടങ്ങുന്നത്. ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 148 റണ്‍സ് എടുത്തു. മറുപടിയില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റിന് 148 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍ ഷെയ്ന് വാട്സണ് അവസാന ഓവറില്‍ റണ്‍ ഔട്ടായതാണ് മത്സരം മുംബൈയ്ക്കനുകൂലമാക്കിയത്. 59 പന്തില്‍ 80 റണ്‍സ് നേടിയ വാട്സണ് എട്ട് ഫോറും നാലു സിക്സും നേടി.
ഫഫ് ഡുപ്ലസിയും (13 പന്തില്‍ 26), ഡ്വെയ്ന്‍ ബ്രാവോ (15 പന്തില്‍ 15) എന്നിവര്‍ക്കു മാത്രമാണ് വാട്സണു കാര്യമായി പിന്തുണ നല്‍കാനായത്. 16-ാം ഓവറില്‍ മലിംഗ വഴങ്ങിയ 20 റണ്‍സിനു പിന്നാലെ കൃണാല്‍ പാണ്ഡ്യ 18-ാം ഓവറില്‍ 20 റണ്‍സ് വഴങ്ങുക കൂടി ചെയ്തപ്പോള്‍ അനായാസ ജയമാണ് ചെന്നൈ പ്രതീക്ഷിച്ചത്.
ആ ഓവറില്‍ വാട്സണ് തുടര്‍ച്ചയായി മൂന്നു സിക്സ് നേടി. മികച്ച തുടക്കം ലഭിച്ച ചെന്നൈക്ക് മധ്യ ഓവറുകളില്‍ റണ്‍സ് കുറിഞ്ഞതാണ് തിരിച്ചടിയായത്.25 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റണ്‍സ് നേടിയ കെറോണ്‍ പൊളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറര്‍.
ഓപ്പണിംഗ് വിക്കറ്റില്‍ ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും നല്ല തുടക്കമാണ് നല്‍കിയത്. ദീപക് ചാഹര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ 20 റണ്‍സ് ആണ് പിറന്നത്. ഈ ഓവറില്‍ ഡി കോക് മൂന്നു സിക്സും നേടി.
ഡി കോക്ക് 24 പന്തില്‍ 29 റണ്‍സ് അടിച്ച നാലു സിക്സ് നേടി പുറത്തായി. അടുത്ത ഓവറില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ദീപക് ചാഹര്‍ പുറത്താക്കി. ഇതോടെ മുംബൈയുടെ തകര്‍ച്ചയും ആരംഭിച്ചു. സൂര്യകുമാര്‍ യാദവും ഇഷാന് കിഷനും തകര്‍ച്ചയില്‍നിന്നു കരകയറ്റുമെന്നു തോന്നി.
എന്നാല്‍, സൂര്യകുമാറിനെ (17 പന്തില്‍ 15) താഹിര്‍ ക്ലീന്‍ബൗള്‍ഡാക്കി കൂട്ടുകെട്ട് പൊളിച്ചു. 37 റണ്‍സ്് ആണ് മൂന്നാം വിക്കറ്റില്‍ ഇരുവരും നേടിയത്. അടുത്ത ഓവറില്‍ കൃണാല്‍ പാണ്ഡ്യയെ (ഏഴു പന്തില്‍ ഏഴ്) ഠാക്കൂര്‍ സ്വന്തം പന്തില്‍ പിടികൂടി.
മൂന്നു ഫോറിന്റെ അകമ്പടയില്‍ 26 പന്തില്‍ 23 റണ്‍സ് നേടിയ കിഷനെ താഹിര്‍ സുരേഷ് റെയ്നയുടെ കൈകളിലെത്തിച്ചു. ഒരു ഫോറും ഒരു സിക്സും സഹിതം 10 പന്തില്‍ 16 റണ്‍സ് എടുത്ത പാണ്ഡ്യയെ ചാഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഈ ഓവറില്‍ തന്നെ രാഹുല്‍ ചഹാറും പുറത്തായി.